മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കില്ലെന്നുറപ്പിച്ച് സോണിയ ഗാന്ധി. ഇക്കാര്യം സോണിയാ ഗാന്ധി വ്യക്തമാക്കിയതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അടുക്കില്ലെന്നുറപ്പായതോടെ ബി.ജെ.പി പിന്തുണയില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നുള്ള ശിവസേനയുടെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യകക്ഷി എന്‍.സി.പിയുടെ നേതാവ് ശരദ് പവാറുമായി സര്‍ക്കാര്‍ രൂപീകരണ കൂടിക്കാഴ്ച സോണിയ ഗാന്ധി നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രിപദത്തെ പറ്റിയുള്ള ശിവസേനയുടെ തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പദവികള്‍ തുല്യമായി വീതിക്കണമെന്നും മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം വെയ്ക്കണമെന്നുമാണ് ശിവസേന മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം. എന്നാല്‍, ശിവസേനയുടെ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല ബിജെപി സ്വീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭ കാലാവധി നവംബര്‍ എട്ട് വരെയാണ്. അതിനു മുമ്പ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തേക്ക് കാര്യങ്ങള്‍ നീങ്ങും.