മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സമിതി അധ്യക്ഷന്‍.
21 അംഗങ്ങളാണ് സമിതിയില്‍ . സ്ഫോടന കേസിലടക്കം പ്രതിയായ ഒരാളെ എങ്ങനെ പ്രധാനപ്പെട്ട സമിതിയില്‍ ഉള്‍പെടുത്തുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് അംഗങ്ങള്‍. ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണ വേളയില്‍ ഗാന്ധി ഘാതകന്‍ ഗോഡ്സെ യഥാര്‍ത്ഥ രാജ്യ സ്നേഹിയാണെന്ന പ്രഗ്യയുടെ പ്രസ്താവന വിവാദത്തിലായിരുന്നു. പിന്നീട് ഇവര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.