25.8 C
Kollam
Monday, December 23, 2024
HomeNewsPolitics500 ദിവസം പിന്നിടുമ്പോള്‍ ബിജെപിക്ക് ഭരണം പോയത് അഞ്ച് സംസ്ഥാനങ്ങളില്‍ ; ബിജെപിയുടെ പെട്ടന്നുള്ള പതനം...

500 ദിവസം പിന്നിടുമ്പോള്‍ ബിജെപിക്ക് ഭരണം പോയത് അഞ്ച് സംസ്ഥാനങ്ങളില്‍ ; ബിജെപിയുടെ പെട്ടന്നുള്ള പതനം രാഷ്ട്രീയ ലോകവും എതിര്‍ പക്ഷവും വിലയിരുത്തന്നത് ഇങ്ങനെ…

ഭരണത്തിലേറി അഞ്ചൂറു ദിവസം പിന്നിടുമ്പോള്‍ ബിജെപി ഭരണം നഷ്ടമായത് അഞ്ച് സംസ്ഥാനങ്ങളില്‍. പാര്‍ട്ടിക്ക് ശക്തിയായ വേരുള്ള സംസ്ഥാനങ്ങള്‍ തൊട്ട് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിച്ച സംസ്ഥാനം വരെ ഇത്തവണ നഷ്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഭരണം ലഭിച്ച് അഞ്ഞൂറില്‍ താഴെ ദിവസത്തില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിലാണെന്നത് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം കണ്ട് അന്താളിച്ച ഭരണപക്ഷത്തിന് അതിനു തൊട്ടു മുന്‍പും ശേഷവും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒട്ടും ആശ്വാസം നല്‍കുന്നതായിരുന്നില്ല. അഞ്ഞൂറില്‍ താഴെ ദിവസത്തില്‍ ബിജെപിക്ക് ഏഴിടത്ത് തിരിച്ചടി നേരിട്ടപ്പോള്‍ അഞ്ചിടത്ത് ഭരണം പോയി. എന്നാല്‍ അധികാരം നിലനിര്‍ത്തിയ ഹരിയാനയിലാകട്ടെ തനിച്ചുള്ള ഭൂരിപക്ഷവും നഷ്ടമായി.

മധ്യപ്രദേശ്- രാജസ്ഥാന്‍- ഛത്തിസ്ഗഢ്

2018 നവംബറില്‍ ആയിരുന്നു മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് നിയമസഭകളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബറില്‍ ഫലം പ്രഖ്യാപിച്ചു. പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ കൈവിടുന്നതായിരുന്നു ജനവിധി. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലേറി. മധ്യപ്രദേശില്‍ കമല്‍നാഥും, രാജസ്ഥാനില്‍ അശോക് ഗെലോട്ടും, ഛത്തിസ്ഗഡില്‍ ഭൂപേഷ് ബഘേലും മുഖ്യമന്ത്രിമാരായി അധികാരമേറ്റു.

മഹാരാഷ്ട്ര, ഹരിയാന

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വലിയ വിജയം നേടി അഞ്ചു മാസത്തിനുള്ളിലായിരുന്നു മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പു . ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും ചേര്‍ന്ന് കേവല ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശിവസേന സഖ്യം ഉപേക്ഷിച്ചു. എന്‍സിപി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കാതെ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിക്ക് രാജിവെക്കേണ്ടിവന്നു. നവംബര്‍ 28 മുതല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരണം. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ഹരിയാനയില്‍ എതിര്‍ചേരിയില്‍ മത്സരിച്ച ജനനായക് ജനത പാര്‍ട്ടിയുമായി ചേര്‍ന്നാണ് ഭരണം ഉറപ്പിച്ചത്.

ജാര്‍ഖണ്ഡ്

ഇക്കഴിഞ്ഞ ഡിസംബറില്‍ വോട്ടെണ്ണിയ ജാര്‍ഖണ്ഡിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ഭരണം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല അഞ്ചു വര്‍ഷം ഭരിച്ച മുഖ്യമന്ത്രി രഘുബര്‍ ദാസ് സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ജെഎംഎം കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യമാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിക്കുന്നത്.

ഡല്‍ഹി

ഡല്‍ഹിയിലാകട്ടെ ആശ്വസിക്കാന്‍ പോലും ആകാതെ ബിജെപി തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം കൂടിയെങ്കിലും ഏഴു സീറ്റും നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യം നിയമസഭയില്‍ പൂര്‍ണമായി മാറിയത് വലിയ വെല്ലുവിളിയോടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ഷീല ദിക്ഷിതിന്റെ പ്രതാപ കാലമായ 2003, 2008 തെരഞ്ഞെടുപ്പുകളില്‍ പോലും ബിജെപിക്ക് ഇരുപതോ അതിന് മുകളിലോ സീറ്റുകള്‍ നേടാനായിരുന്നുവെന്നതും പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കന്നുണ്ട്. ഒപ്പം തലസ്ഥാന ഭരണം ബിജെപി കയ്യൊഴിഞ്ഞിട്ട് 22 വര്‍ഷം ആകുന്നു എന്നതും ഭരണപക്ഷമായ ബിജെപിക്ക് ഇപ്പോഴും വേദനകള്‍ സമ്മാനിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments