സിറിയക്കെതിരെ ഉള്ള സൈനിക നടപടി അവസാനിപ്പിക്കണമെന്ന് താക്കീത് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച കത്ത് ചവറ്റു കുട്ടയിലെറിഞ്ഞ് തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിബ് എര്‍ദോഗന്‍.
അതിസമര്‍ത്ഥനോ വിഡ്ഢിയോ ആവരുതെന്ന് എല്‍ദോഗനെ കടുത്ത ഭാഷയില്‍ പരിഹസിച്ചായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് കത്ത് അയച്ചത്. സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ പരമദുഷ്ടനായി വിലയിരുത്തുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ‘പ്രസിഡന്റ് എര്‍ദോഗന് കത്ത് ലഭിച്ചു. അദ്ദേഹമത് പൂര്‍ണമായി അവഗണിക്കുകയും ചവറ്റുകുട്ടയിലെറിയുകയും ചെയ്തു’, തുര്‍ക്കിഷ് വൃത്തങ്ങള്‍ ബി.ബി.സിയോട് പറഞ്ഞു.സിറിയയില്‍നിന്നും യു.എസ് സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് തുര്‍ക്കി അവിടെ സൈനിക നീക്കം നടത്തിയത്.
എന്നാല്‍ അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഇപ്പോഴും ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ കുര്‍ദ് സഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാനും രാഷ്ട്രീയപരമായി കേടുപാടുകളുണ്ടാകാതിരിക്കാനുമായി നീക്കങ്ങള്‍ നടത്തുകയാണ് ട്രംപ്. ഇതിന് മുന്നോടിയായി ബുധനാഴ്ച മാത്രം ഒമ്പത് കത്തുകളാണ് വൈറ്റ്ഹൗസ് തയ്യാറാക്കിയത്.