26.8 C
Kollam
Monday, December 23, 2024
HomeRegionalReligion & Spiritualityമുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമര നിർമ്മാണം

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമര നിർമ്മാണം

താന്ത്രിക വിധിപ്രകാരം പ്രാസാദശുദ്ധി, ബിംബശുദ്ധി, സംഹാര തത്വഹോമം, സംഹാര തത്വകലശം, അഭിഷേകം, ധ്വജ ഉദ്വാസനം എന്നീ ചടങ്ങുകളോടെയാണ് അര നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ കൊടിമരം പൊളിച്ചുമാറ്റിയത്. ഒരുകോടി 83 ലക്ഷം രൂപയാണ് പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തിന്റെ നിർമ്മാണത്തിനായി ചെലവിടുന്നത്. ഫണ്ടിന്റെ പകുതി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും. ബാക്കി ഭക്തരിൽ നിന്നും സ്വരൂപിക്കും. ഭക്തിയുടെ നിറസാന്നിദ്ധ്യത്തിൽ ആചാരപൂർവ്വമാണ് പഴയ കെട്ടിടം പൊളിച്ചു നീക്കിയത് .തന്ത്രി അത്തിയറമഠം കൃഷ്ണാനന്ദന്റെ കാർമികത്വത്തിൽ കൊടിമരത്തിലെ വാഹനത്തിൽ നിന്നുള്ള ചൈതന്യം ആവഹിച്ച് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ലയിപ്പിച്ചു. കൊടി തൂക്കിയ തടികൊണ്ടുള്ള ദണ്ഡ് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് തന്ത്രിയുടെ കാർമികത്വത്തിൽ ആചാരപരമായി ദഹിപ്പിച്ചു. ചടങ്ങിൽ മേൽശാന്തി കൃഷ്ണൻ പോറ്റിയും സന്നിഹിതനായിരുന്നു. ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കൊടിമരത്തിനുള്ള തേക്ക് തൈലാധിവാസത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേക്ക് തടി കോന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലുളള നെല്ലിടപാറ വനത്തിൽ നിന്നുമാണ് എത്തിച്ചത്. അതിവിശിഷ്ടമായ 41 ഇനം പച്ചമരുന്നുകളുടെ കൂട്ടിനാൽ കാച്ചിയെടുത്ത തൈലത്തിലാണ് തേക്ക് സൂക്ഷിച്ചിരിക്കുന്നത്. കൊടിമരത്തിൽ പാകുന്ന തിനുള്ള സ്വർണ്ണം തകിടാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഇറക്കുമതി ചെയ്ത സ്വർണ്ണമാണ് പരത്തി നാടയായി മാറ്റുന്നത് .ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒട്ടകത്തിന്റെ തോലുകൊണ്ടുള്ള ഉറയിൽ വച്ച് അടിച്ചാണ് കനം കുറഞ്ഞ പാളിയാക്കുന്നത് . 21 പറകളാണ് ചെമ്പുകൊണ്ട് നിർമിക്കുന്നത്നത് .47 അടി ഉയരമുള്ള കൊടിമരത്തിന് 7 കിലോയോളം സ്വർണം ആവശ്യമാണ്. പുളി വെള്ളത്തിലും ആസിഡിലും കഴുകിയ പറകളിൽ രസം പുരട്ടി പാളികൾ ഒട്ടിക്കും. പിന്നീട് ഇത് തീകനലിൽ വെച്ച് ചൂടാക്കും. ചൂഢാമണി കല്ല് ഉപയോഗിച്ച് ഉരച്ച് സ്വർണ്ണപാളി ചെമ്പിലേക്ക് പതിപ്പിക്കും. ഇതിന് ഒരു മാസത്തിലേറെ സമയമെടുക്കും . കൊടിമരം നിർമ്മിക്കുന്നത് പരുമല അനന്ദൻ ആചാരിയും പളനി ആചാരിയും സംഘവുമാണ്. ഹൈക്കോടതി നിയമിച്ച കമ്മീഷണർ എ എസ് പി കുറുപ്പാണ് മേൽനോട്ടം വഹിക്കുന്നത് .ജനുവരി 31ന് കൊടിമരത്തിനു മുകളിൽ സ്ഥാപിക്കാനുള്ള വാഹനം, അഷ്ടദിക്പാലകർ എന്നിവ ക്ഷേത്ര പരിസരത്ത് വച്ച് വാർക്കും. ഫെബ്രുവരി 25ന് പുതിയ കൊടിമരത്തിന്റെ ആധാരശില സ്ഥാപിക്കും. മാർച്ച് 23ന് രാവിലെ സ്വർണ്ണക്കൊടിമര പ്രതിഷ്ഠാ കർമ്മം നടക്കും.
ഒരു ദേശത്തിന്റെ, ഭക്തരുടെ, ഭക്തി പാരവശ്യതയ്ക്കും, ആചാരാനുഷ്ഠാനങ്ങൾക്കും സ്വർണ്ണ കൊടിമരത്തിന്റെ സാന്നിധ്യം കൂടിയാകുമ്പോൾ, ക്ഷേത്രത്തിന്റെ നൈർമല്യതയ്ക്ക് ഒരു മുതൽക്കൂട്ടും ചൈതന്യവുമായി മാറുകയാണ്!

- Advertisment -

Most Popular

- Advertisement -

Recent Comments