ശബരിമലയില്‍ അന്നദാനം നടത്താന്‍ പണമില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് അന്നദാന വഴിപാട് സമര്‍പ്പണത്തിന് വഴിപാടുകാരെ കണ്ടെത്താന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. അതേസമയം, അയ്യപ്പ സേവാ സമാജം ഉള്‍പ്പെടെ ശബരിമലയില്‍ സൗജന്യ അന്നദാനതിന് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടും ഇതിനു അനുമതി നല്‍കാതെയാണ് ദേവസ്വം ബോര്‍ഡ് വഴിപാടുകാരെ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പ സേവാ സമാജം ഉള്‍പ്പെടെ ഉള്ള സന്നദ്ധ സംഘടനകള്‍ സന്നിധാനത്ത് സൗജന്യമായി അന്നദാനം നടത്തിയിരുന്നു. ഇതിനെ വിലക്കി കൊണ്ടാണ് ദേവസ്വം ബോര്‍ഡ് അന്നദാനം ഏറ്റെടുത്തത്.
അന്നദാനത്തിന് വരുന്ന ഭാരിച്ച ചിലവും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാനാണ് ബോര്‍ഡ് ഇപ്പോള്‍ ശ്രമം തുടരുന്നത്. ഒരു ദിവസം മാത്രം സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് അന്നദാനത്തിനു മാത്രം ആറുലക്ഷം രൂപ വേണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നുമാണ് ഈ തുക ചെലവഴിച്ചത്.