തമിഴ് സംവിധായകന്‍ കെവി ആനന്ദ് അന്തരിച്ചു, 54 വയസ്സായിരുന്നു .
ചെന്നൈയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ് സിനിമാ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ആനന്ദിന്റെ വിയോഗം. അവസാന ചിത്രമായ കാപ്പന്‍ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പമായിരുന്നു. സൂര്യയായിരുന്നു നായകൻ.സൂര്യക്കൊപ്പം മൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം.
കെവി ആനന്ദ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത് മലയാള സിനിമാ ചരിത്രത്തില്‍ സെറ്റുകളുടെയും ഛായാഗ്രഹണത്തിന്റെയും സൗന്ദര്യം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ തേന്മാവിന്‍ കൊമ്പത്തിലൂടെയാണ് . ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ചു. മികച്ച സിനിമാട്ടോഗ്രാഫിക്കുള്ള ദേശീയ പുരസ്‌കാരം ആനന്ദിനെ തേടിയെത്തുകയും ചെയ്തു.
തേന്മാവിന്‍ കൊമ്പത്ത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാവുകയും ചെയ്തു. 2009ല്‍ സൂര്യയുടെ അയന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി കെവി ആനന്ദ് വലിയ തോതില്‍ അറിയപ്പെടുന്നത്.
ആനന്ദിനെ കരിയറില്‍ വഴിത്തിരിവായത് 1990 ല്‍ പിസി ശ്രീറാമിനെ കണ്ടുമുട്ടിയതാണ് . ഒപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ആനന്ദ് അറിയിച്ചു.
തുടര്‍ന്ന് ഗോപുര വാസലിലെ, അമരന്‍, തേവര്‍ മകന്‍, തിരുട തിരുടി എന്നീ ചിത്രങ്ങളില്‍ ശ്രീറാമിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. തമിഴില്‍ കാതല്‍ ദേശമായിരുന്നു ആനന്ദിന്റെ ആദ്യ ചിത്രം. നേരുക്ക് നേര്‍, മുതല്‍വന്‍, ബോയ്‌സ്, ശിവാജി, തുടങ്ങിയ അദ്ദേഹം ക്യാമറ ചലിപ്പിച്ച ചിത്രങ്ങളാണ്. 2005ല്‍ മലയാള താരങ്ങളായ പൃഥ്വിരാജും ഗോപികയും അഭിനയിച്ച കനാ കണ്ടേനായിരുന്നു ആദ്യ ചിത്രം. ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു അയന്‍ , കോ എന്നീ ചിത്രങ്ങൾ . കെവി ആനന്ദ് ഒരുക്കാറുള്ളത് ചടുലതയേറിയ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രങ്ങളായിരുന്നു. അനേകനും അയനുമെല്ലാം അത്തരത്തില്‍ വരുന്നവയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഡ്രൈവ് ചെയ്യവേ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു . തുടര്‍ന്ന് അദ്ദേഹം തന്നെ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റായിട്ടാണ് ആനന്ദ് കരിയര്‍ ആരംഭിച്ചത്. പല പ്രമുഖ മാഗസിനുകള്‍ക്കും വേണ്ടി അദ്ദേഹം ചിത്രമെടുത്തിട്ടുണ്ട് .