650 ചിത്രങ്ങളിൽ നായകനായ പ്രേംനസീർ മലയാള ചലച്ചിത്രത്തിന് തന്നെ ഒരു പ്രതിഭാസമാണ്. ആ ഒരു പദവി മലയാള സിനിമയിൽ ഇനി ഒരഭിനേതാവിനും മറികടക്കാനാവില്ലെന്ന് തികച്ചും യാഥാർത്ഥ്യം. പ്രേം നസീർ എന്ന വ്യക്തിത്വം ഒരു മാഹാ പ്രസ്ഥാനം തന്നെയായിരുന്നു.മലയാള സിനിമ എന്ന് പറഞ്ഞാൽ പ്രേം നസീർ എന്നൊരു കാലമുണ്ടായിരുന്നു. ആ കാലഘട്ടം മൂന്നര പതിറ്റാണ്ടിലധികം നിറഞ്ഞു നിന്നു. 1951 മേയിലാണ് നസീർ സി നിമാ അഭിനയം ആരംഭിച്ചത്. 1929 ഡിസംബർ 26 റാം തീയതി ജനനം. എ ഷാഹുൽ ഹമീദിന്റെയും അസുമാ ബീവിയുടെയും മകനായി ചിറയിൻകീഴിലെ ആക്കോട് കുടുംബത്തിൽ ജനിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴെ നല്ല നടനെന്ന പേരു നേടി. പ്രേം നസീറിന്റെ ആദ്യ ചിത്രം മരുമകൾ. പക്ഷേ, പ്രശസ്തനാവുന്നത് കുഞ്ചാക്കോയും കോശിയും ചേർന്ന് നിർമ്മിച്ച വിശപ്പിന്റെ വിളിയിലൂടെയാണ്. ഇതിൽ അഭിനയിക്കുമ്പോഴാണ് തിക്കുറിശ്ശി സുകുമാരൻ നായർ അബ്ദുൾ ഖാദറിന് പ്രേം നസീർ എന്ന പേരിട്ടത്. ഈ ചിത്രം വിജയമായി. ആ വർഷം തന്നെ നസീറിന്റെ മൂന്നാമത്തെ ചിത്രം അച്ഛൻ ഇറങ്ങി. തുടർന്ന് അവൻ വരുന്നു, കിടപ്പാടം, പാടാത്ത പൈങ്കിളി, പൊൻ കതിർ, അവകാശി, അവരുണരുന്നു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ അവസരത്തിൽ തമിഴിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തൈ പിറന്നാൽ വഴി പിറക്കും എന്നത് ആദ്യ തമിഴ് ചിത്രം. മൊത്തം 32 തമിഴ് ചിത്രങ്ങളിൽ നസീർ അഭിനയിച്ചു. ഉദയായുടെ സീത, ഉണ്ണിയാർച്ച എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ വീണ്ടുമെത്തി. ഉദയ, മെരിലാൻഡ് തുടങ്ങിയ ബാനറിന് പുറമെ മറ്റ് നിർമ്മാതാക്കളുടെയും ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നിണമണിഞ്ഞ കാൽപ്പാടുകളിലാണ് നസീർ – ഷീല ജോടി ആദ്യമായി ഒന്നിക്കുന്നത്. ഈ ജോടികളുടെ 107 ചിത്രങ്ങൾ പുറത്തു വന്നു. പ്രേക്ഷകരുടെ ഹരമായിരുന്നു ഈ താരജോടി. ഷീല കഴിഞ്ഞാൽ നസീറിന്റെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ജയഭാരതിയാണ്. 1969 ൽ ബല്ലാത്ത പഹയനിലൂടെയാണ് നസീറും ജയഭാരതിയും ഒന്നിച്ചത്. 67 ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചു. അതുപോലെ തന്നെ പ്രേക്ഷകർക്കിഷ്ടപ്പെട്ട മറ്റൊരു ജോടിയായിരുന്നു നസീർ – വിജയശ്രീ ടീം. ഇവരുടെ ലങ്കാദഹനം, പത്മവ്യൂഹം, പഞ്ചവടി, പോസ്റ്റ്മാനെ കാണാനില്ല, പൊന്നാപുരം കോട്ട, മന്ത്ര കോടി തുടങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. നെയ്യാറ്റിൻകര കോമളം, ബി എസ് സരോജ, കുമാരി തങ്കം, ശാരദ, കുശലകുമാരി, ലളിത, പത്മിനി, രാഗിണി, അംബിക, കെ ആർ വിജയ, ശ്രീവിദ്യ, ശ്രീദേവി, ലക്ഷ്മി, വിധുബാല, ഭവാനി, നന്ദിതാ ബോസ്, മാധവി എന്നിങ്ങനെ പോകുന്നു നായികമാരുടെ ലിസ്റ്റ്. ശശികുമാർ എൺപതോളം ചിത്രങ്ങൾ നസീറിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ഉദയാ സ്റ്റുഡിയോ അൻപതോളം ചിത്രങ്ങൾ നസീറിനെ നായകനാക്കി നിർമ്മിച്ചു. 25 ചിത്രങ്ങളിൽ നസീർ ഡബിൾ റോളിൽ അഭിനയിച്ചു. ഗാനഗന്ധർവ്വൻ യേശുദാസിന്റെ മിക്ക ഹിറ്റ് ഗാനങ്ങളും പ്രേം നസീറിന് വേണ്ടി പാടിയതാണ്. 1985 ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു. പ്രേം നസീർ എന്ന നടൻ സ്ത്രൈ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. അദ്ദേഹത്തെ മലയാള സിനിമാ ലോകത്തിന് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താനായില്ലെന്നത് ഖേ: ദകരമായ ഒരു യാഥാർത്ഥ്യമാണ്. 650 ചിത്രങ്ങളിൽ നായകനായ പ്രേം നസീർ മലയാള ചലച്ചിതത്തിന് തന്നെ ഒരു പ്രതിഭാസമാണ്. ആ ഒരു പദവി മലയാള സിനിമയിൽ ഇനി ഒരഭിനേതാവിനും മറികടക്കാനാവില്ലെന്നത് തികച്ചും യാഥാർത്ഥ്യമാണ്.
പ്രേം നസീർ എന്ന വ്യക്തിത്വം ഒരു മഹാ പ്രസ്ഥാനം തന്നെയായിരുന്നു. 1988 ജനുവരി പതിനാറാം തീയതി അദ്ദേഹം അരങ്ങൊഴിയുമ്പോൾ നഷ്ടമായത് ഒരു കനക സിംഹാസനമായിരുന്നു.