അനുരാഗ ഗാനം പോലെ.. അഴകിന്റെ അല പോലെ…. ആരു നീ..ആരു നീ.. ദേവതേ.. ഈ ഗാനം ഏറ്റുപാടാത്ത മലയാളികള്‍ ഇന്ന് ഈ ഭൂമി മലയാളത്തില്‍ കാണില്ല. മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ് അല്ല കോഴിക്കോടിന്റെ ബാബൂക്ക ഹാര്‍മോണിയത്തില്‍
വിരിയിച്ച ഈ ഗാനത്തിന് ഇന്നും നിത്യയൗവ്വനമാണ്. ‘താമസമെന്തേ വരുവാന്‍’, ‘വാസന്ത പഞ്ചമിനാളില്‍’, ‘പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു’, ‘അറബിക്കടലൊരു മണവാളന്‍’, ഈ പാട്ടുകളെല്ലാം തന്നെ മലയാളികള്‍ക്ക് ഗാനാമൃതം ആണ് സമ്മാനിച്ചുട്ടുള്ളത് എന്നു തന്നെ പറയാം. പി ഭാസ്‌കരന്‍ , വയലാര്‍, ഒ എന്‍ വി, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെ എത്ര എത്ര കലാകാരന്‍മാര്‍ ഈ ഈണങ്ങളുടെ ബാദുഷായ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇവരുടെ പ്രശോഭിതമായ വരികള്‍ ബാദുഷായുടെ ഈണങ്ങള്‍ക്ക് ഒത്ത് കൈരളിയില്‍ ചുവടുവെച്ചു. കലകളില്‍ ഏറ്റവും ശ്രേഷ്ഠമായ സംഗീതത്തെ മനസ്സുകൊണ്ട് അറിഞ്ഞവന്‍. ഈണങ്ങളുടെ വാതായനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതന്‍ ആക്കിയവന്‍ അതാണ് കോഴിക്കോടിന്റെ സ്വന്തം ബാബൂക്ക. ഹിന്ദുസ്ഥാനി രാഗങ്ങളെ ഇത്രയും മൃദുവായ സംഗീതാനുഭവമാക്കിയ വേറൊരു കലാകാരന്‍ നമ്മോടൊപ്പം ജീവിച്ചിട്ടില്ല. തലമുറകള്‍ ഇന്നും അദ്ദേഹത്തിന്റെ പ്രണയവും വിരഹവും ഭക്തിയും ഏറ്റുപാടുന്നുവെന്നത് ആ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് ,അവാര്‍ഡുകള്‍ക്കപ്പുറം. ഒരു ഹാര്‍മോണിയത്തില്‍ പാതിമുറിഞ്ഞ അദ്ദേഹത്തിന്റെ ശബ്ദം ഇപ്പോഴും പാടുന്നു നാട്ടു വഴിയില്‍ മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍ മധുമാസം വിരിയിച്ച മലരാണോ… വാര്‍ദ്ധക്യം പുതച്ച കൗമാരങ്ങളും അത് ഏറ്റുപാടുന്നു. അങ്ങനെ കാലത്തേയും അതിജീവിച്ച് ബാബൂക്ക ജീവിക്കുന്നു ഈ പാട്ടുകളിലൂടെ.