ബിജെപി ഇക്കുറി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ക്ഷേത്രഭൂമികള്‍ തങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയമുക്തമാക്കാന്‍ സിപിഎം തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.നേമം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നുവെന്നാരോപിച്ച് ഒ രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
”വിശ്വാസികളുടെ കാര്യത്തില്‍ മലക്കം മറിയുന്ന സിപിഎമ്മിനോടും വിശ്വാസികള്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസിനോടും ഞാന്‍ ചോദിക്കുന്നു. അമ്പലങ്ങളുടെ ഭൂമി തിരിച്ചുകൊടുക്കാന്‍ തയ്യാറുണ്ടോ? കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ നിന്നും നിങ്ങള്‍ തട്ടിയെടുത്ത പതിനായിരക്കണക്കിന്‍ ഏക്കര്‍ ഭൂമിയുണ്ട്. ഇതെല്ലാം തിരിച്ചുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ‘
അമ്പലത്തിന്റെ ഭൂമിയെടുത്ത് വായനശാലയ്ക്ക് കൊടുത്തിട്ട് അത് പാര്‍ട്ടിയോഫീസ് ആക്കിമാറ്റുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ ഭൂമി അന്യാധീനപ്പെട്ടെന്നും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ ഭൂമി തിരിച്ചുപിടിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.