കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്ന വിഷയത്തിൽ അസാധാരണ നടപടികൾ വേണമെന്ന് ഹൈക്കോടതി. ഒരു പ്രമുഖ ആശുപത്രി രണ്ടു ദിവസത്തേയ്ക്ക് 45,000 രൂപയിൽ കൂടുതൽ ഓക്സിജന് ഈടാക്കിയത് മുൻനിർത്തിയാണ് ഇക്കാര്യം കോടതി അറിയിച്ചത്. കോവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം എന്ന ഹർജിയിലെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നടപടി.
എഫ്എൽടിസികളിലെ അമിതനിരക്ക് നിയന്ത്രിക്കണമെന്നും സർക്കാർ നടപടികൾ നിലവിൽ
തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ നിരക്കിന്റെ കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം എടുക്കണം. അന്നുതന്നെ ഇതുസംബന്ധിച്ച രേഖകൾ നൽകണമെന്നു കോടതി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുമായി നടത്തിയ ആദ്യവട്ട ചർച്ചകളിൽ ചികിത്സാ നിരക്കു സംബന്ധിച്ച് തീരുമാനമായില്ല. ഇത് സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനം എടുക്കുമെന്നും സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ നിർദേശം.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാനുള്ള നടപടി ഉടൻ എടുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നോൺ എംപാനൽ ആശുപത്രികളിലെ നിരക്കിന്റെ കാര്യത്തിലും വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നോൺ എംപാനൽ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ബെഡുകളും ഓക്സിജനും ഏതെല്ലാം ആശുപത്രികളിൽ ലഭ്യമാണെന്ന് സാധാരണക്കാർക്ക് അറിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോൾ സൈറ്റിൽ ഇക്കാര്യങ്ങൾ എല്ലാം ഉണ്ടെന്ന് വ്യക്തമാക്കി. പിപിഇ കിറ്റിന് പല ആശുപത്രികളും ആയിരക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. പിപിഇ കിറ്റ് പോലുള്ളവയ്ക്ക് പ്രത്യേക നിരക്ക് ഈടാക്കരുതെന്നും . 10 പിപിഇ കിറ്റ് ഉപയോഗിച്ചിട്ടു 100 കിറ്റിന്റെ തുക ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. പിപിഇ കിറ്റുകളുടെ വിശദാംശങ്ങൾ കോടതിക്ക് കൈമാറാം എന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു.
സെക്ടറൽ മജിസ്ട്രേറ്റുമാരെ ആശുപത്രികളുടെ മേൽനോട്ടത്തിന് നിയോഗിക്കുന്നത് പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെ മാതൃകയാക്കി പൂട്ടിക്കിടക്കുന്ന ആശുപത്രികളും , നിലവിലുള്ള ആശുപത്രികളിലെ 50% ബെഡുകളും ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും . ലാബ് പരിശോധനകളും സർക്കാർ നിർദേശിച്ച നിരക്കുകളിൽ ആകണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.