25.4 C
Kollam
Sunday, September 8, 2024
HomeLifestyleHealth & Fitnessഗുസ്തിയെ സ്നേഹിച്ച കൊല്ലം; ഒരു കാലത്ത് ഗുസ്തിയുടെ ഈറ്റില്ലം

ഗുസ്തിയെ സ്നേഹിച്ച കൊല്ലം; ഒരു കാലത്ത് ഗുസ്തിയുടെ ഈറ്റില്ലം

ഒരുകാലത്ത് ഗുസ്തിയുടെ ഈറ്റില്ലമായിരുന്നു കൊല്ലം പട്ടണം. ഗാട്ടാഗുസ്തിയെന്നും ഈ വിനോദത്തെ വിളിക്കാം.

ചിന്നക്കടയിലെ സലിം ഹോട്ടലിനു തെക്കുവശത്തായി അതേ ബിൽഡിങ്ങിസിൽ മൂലക്ക് മജീദിയ ട്രേഡേഴ്സ് എന്നൊരു സ്ഥാപനമുണ്ടായിരുന്നു. പഴയകാലത്തെ ഫിയറ്റ് കാറുകളുടെ ഡീലർ ആയിരുന്ന മജീദ് ഭായ് ആയിരുന്നു കടയുടമ. അവർ പിൽക്കാലത്ത് തങ്കശ്ശേരി – കൊട്ടിയം റൂട്ടിൽ ഷംല എന്നൊരു ബസ്സ് സർവീസും നടത്തിയതായി ഓർക്കുന്നു. ആ കെട്ടിടം മുഴുവൻ അവരുടെ വകയായിരുന്നു. അവിടെ കണക്കപിള്ളയായിരുന്ന പരമേശ്വരൻ പിള്ള മാമനാണ് എന്നേ ആദ്യമായി ഒരു ഗുസ്‌തി കാണാൻ കൊണ്ടുപോകുന്നത്. YMCA ക്ക് എതിർവശമുള്ള മജ്‌ലിസ് ഗൗണ്ടിൽ ആയിരുന്നു കളി. റമീസ് ഹോട്ടൽ അന്നവിടെ കണ്ടതായി ഓർമ്മയില്ല. സർക്കസിൽ കാണുന്ന റിങ് പോലെ മണ്ണ് കുത്തിക്കിളച്ച്‌ പരുവപ്പെടുത്തിയായിരുന്നു ഗോദ നിർമ്മാണം. എന്നാൽ കർസൺ റോഡിലുള്ള മഞ്ചാടിമുക്കിലെ കൊച്ചു കായിക്കര എന്നറിയപ്പെട്ടിരുന്ന അഹമ്മദ്‌ കുഞ്ഞിന്റെ ഷഹാൽ തകരകൊട്ടകയിലും ഗുസ്‌തി ധാരാളമായി അരങ്ങേറിയിട്ടുണ്ട്.

ഇപ്പോൾ DCC ഓഫീസ് കിടക്കുന്ന സ്ഥലം റിലീഫ് മൈതാനമെന്നാണ് അറിയപ്പെട്ടിരുന്നത്. നാൽപതുകളിൽ അവിടെയും ഗുസ്തി മത്സരങ്ങൾ നടന്നിരുന്നു.

തിങ്ങിനിറഞ്ഞ പ്രേക്ഷകരുടെ ദർശനം സുഖകരമാക്കുന്ന രീതിയിൽ ചിലയിടത്ത് മണ്ണ് പൊക്കിയുയർത്തിയായിരുന്നു ഗോദ നിർമ്മാണം. മുളങ്കാടകം, ലാൽ ബഹദൂർ സ്റ്റേഡിയം, വാടി, തങ്കശ്ശേരി എന്നിവിടങ്ങളിലും ഗോദ ഒരുങ്ങിയിട്ടിട്ടുണ്ട്. പരവൂരും ഗുസ്തി പ്രേമികളുണ്ടാരുന്നു.

ഗുസ്‌തി പ്രമേയമാക്കി മുത്താരംകുന്ന് പി ഓ, ഒരിടത്തൊരു ഫയൽവാൻ, ഗോദാ, മാസപടി മാതുപിള്ള എന്നീ മലയാളസിനിമകളും, ഡെങ്കൽ, സൽമാൻഖാൻറെ സുൽത്താൻ എന്നീ ഹിന്ദി സിനിമകളും ഇറങ്ങിയിരുന്നു.

പശ്ചിമകൊച്ചി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരും ഗുസ്‌തി കളരികളും ഉണ്ടായിരുന്നത് കൊല്ലത്തായിരുന്നു.

ജനപ്രിയമായ ഒരു വിനോദമായിരുന്നു ഗാട്ടാ ഗുസ്‌തി. ഗുസ്തിക്കാരെ പോറ്റിവളർത്താനും, മത്സരങ്ങൾ നടത്താനുമായി വസ്തുവകകൾ വിറ്റുതുലച്ച നിരവധി പ്രമാണിമാരുണ്ടായിരുന്നു നമ്മുടെ നാട്ടിൽ.

എതിരാളികൾ സമന്മാരല്ലെങ്കിൽ പെട്ടെന്ന് കളി തീരും. ഒറ്റപ്പിടുത്തമേ ഉണ്ടാവുകയുള്ളൂ, അതിൽതന്നെ വിജയികളെ തീരുമാനിക്കും. പിന്നീട് ഇന്ത്യൻ സ്റ്റൈൽ റെസ്റ്റലിങ് തുടങ്ങുകയും, പുതിയ നിയമങ്ങൾ വരികയും വിജയികളെ തീരുമാനിക്കാൻ മത്സരങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.

എഴുപതുകളിൽ QAC യിൽ ഗുസ്‌തി പ്രാക്ടിസിനു വേണ്ടി കുണ്ടറ അലക്സ്‌, പ്രതാപചന്ദ്രൻ, തങ്കശ്ശേരിയുള്ള ഫെലിക്സ് എന്നിവർ വരുമായിരുന്നു. ഫെലിക്‌സ് അന്ന് ബോക്സിങ്ങും പരിശീലിച്ചിരുന്നു. അലക്സ്‌ കുണ്ടറ ഇപ്പോൾ കേരള കോൺഗ്രസിന്റെ നേതൃത്വനിരയിൽ ഉണ്ട്. പ്രതാപചന്ദ്രൻ കൊല്ലത്തുതന്നെ പ്രസിദ്ധ അഡ്വക്കേറ്റ് ആണ്. ഫെലിക്സ് ആകട്ടെ ബോക്സിങ്ങിൽ ദേശീയതലത്തിൽ വരെ പങ്കെടുത്തു.

ഡൺലപ്പിന്റെ മെത്തകൾ തറയിൽ നിരനിരയായി വിരിച്ചാണ് QAC ബിൽഡിംസിനകത്തുള്ള സിമന്റ്‌ തറയിൽ ഗുസ്‌തി പ്രാക്റ്റീസ് നടത്തിയിരുന്നു. PWD യിൽ ജോലിയുണ്ടായിരുന്ന മാത്യു തോമസ് എന്നയാളായിരുന്നു ഇന്ത്യൻ സ്റ്റൈൽ റസ്റ്റലിംഗ് അസോസിയേഷന്റെ അന്നത്തെ സെക്രട്ടറി.

നമാസ് ബന്ദ്, ഖഡ്ഗോഡാ, ബഗിൽ തുടങ്ങി നൂറോളം അടവുകൾ ഗുസ്‌തിയിൽ ഉണ്ടത്രേ. തോൽക്കുന്ന ആളുടെ മുതുകത്ത് മണ്ണ് പറ്റുകയും വിജയി അയാളുടെ നെഞ്ചിൽ ഇരിക്കുകയും ചെയ്താലേ കളി പൂർണ്ണമാവുള്ളൂ. ഒരമ്പത് വർഷങ്ങൾക്കിപ്പുറം കൊല്ലത്ത് ഒരു ഗുസ്‌തി മത്സരം നടന്നതായി അറിവില്ല.

ഫയൽമാൻമാരെക്കൂടാതെ കൊല്ലത്ത് ഗുസ്തി പരിശീലന കളരിയും, നിരവധി ഗുസ്‌തി നടത്തിപ്പുകാരും ഉണ്ടായിരുന്നു. ദേശീയ ഗുസ്‌തി മത്സരം 1967 ൽ കൊല്ലത്ത് അരങ്ങേറിയിട്ടുണ്ട്.

പോളച്ചിറ രാമചന്ദ്രൻ, മണക്കാട് നാരായണ പിള്ള, കട്ടച്ചിറ പപ്പുദാസ് എലട്രിക് മൈതീൻ കുഞ്ഞു, കൊല്ലം റഷീദ്, അസ്‌ലം ബഷീർ, നിക്കൽ ജമാൽ, വാടി സുകുമാരൻ എന്നിവർ കൊല്ലക്കാരായ ഫയൽവാന്മാർ ആയിരുന്നു. ഗോദാ എന്ന സിനിമയിലെ അഭിനയിത്തിനായി കൊച്ചിക്കാരൻ ടി ജെ ജോർജ് ആശാൻ ടോവിനോ തോമസിനെ ഗുസ്‌തി പഠിപ്പിച്ചിരുന്നു. മുത്താരം കുന്ന് പി ഓയിലും, ഒരിടത്തൊരു ഫയൽവാനിലും ഗുസ്തിക്കാരനായി വന്ന റഷീദ് ജീവിതത്തിലും ഒരു ഫയൽവാൻ ആയിരുന്നു.
പ്രശസ്തരായ ധാരാസിംഗ് (രാമായണം സീരിയലിലെ ഹനുമാൻ) ബിശ്വനാഥ്‌ സിംഗ്, ഹർബൽ സിംഗ് തുടങ്ങിയവർ കൊല്ലത്തുവന്നു പിടിച്ചിട്ടുണ്ട്. എന്തിനേറെ ലോക പ്രശസ്ത മല്ലൻ ഗാമയും കിംഗ് കോങും കൊല്ലത്തു വന്നിരുന്നു. പക്ഷെ, ഗാമയോട്‌ നേരിട്ട് പൊരുതാൻ ആർക്കും കഴിയുമായിരുന്നില്ല. ഗാമയുടെ അനുജൻ ഹിമാംബാക്സ്, അനന്തിരവൻ ഹക്കീം എന്നിവരെ മലർത്തിയാൽ മാത്രമേ നേരിട്ട് ഗാമക്ക് കൈകൊടുക്കാൻ കഴിയുമായിരുന്നുള്ളൂ.

കൊല്ലത്തെ ഗുസ്‌തി പ്രേമികൾക്ക് മറക്കാൻ പറ്റാത്ത ഒരു പേരാണ് വല്ലാടൻ മൈതീൻ കുഞ്ഞ്. ഗുസ്‌തിക്കാരൻ കൂടിയായ കുമ്പളത്തു ശങ്കുപിള്ളയുടെ ആശാനായിരുന്നു വല്ലാടൻ. വല്ലാടന്റെ ആശാൻ തണ്ടളത്ത് ഗോവിന്ദക്കുറുപ്പ് പ്രസിദ്ധ മല്ലനായിരുന്നു. ഗോവിന്ദക്കുറുപ്പിന്റെ മകളായിരുന്നു കവി ഓ എൻ വി കുറുപ്പിന്റെ അമ്മ.

തണ്ടളം, വല്ലാടൻ, കുമ്പളം, കുമ്പളത്തിന്റെ ശിഷ്യൻ തഴവ കേശവൻ എന്നിവർ നാലുതലമുറകളായി കൊല്ലത്തിന് നിരവധി ഗുസ്തിവേദികൾ കാഴ്ചവെച്ചു.

വല്ലാടന് മറ്റൊരു ശിഷ്യനുണ്ടായിരുന്നു, ഇലക്ട്രിക്ക് മൈതീൻ കുഞ്ഞ്, ഗുസ്‌തി ഒരു തൊഴിലായി സ്വീകരിച്ച മല്ലനായിരുന്നു ഇലക്ട്രിക് മൈതീൻ. ഇലക്ട്രിക്ക് എന്ന പേരുവരാൻ കാരണം കറണ്ട് തന്നെ. ഗോദയിലേക്ക് മല്ലന്മാർ ഇറങ്ങിയാലുടനെ പരസ്പരം കൈകൊടുക്കുന്നത് ഒരുപചാരമാണ്. മിനുട്ടുകൾ നീളുന്ന കൈകൊടുപ്പൊന്നുമല്ല,
ഞൊടിയിടയിൽ പരസ്പരം കൈതൊട്ടെന്നു വരുത്തി മാറ്റിക്കളയും. എന്നാൽ എതിരാളിയുടെ കൈ എലെക്ട്രിക്ക് മൈതീന്റെ കൈയിൽ തൊട്ടാൽ ആ നിമിഷം കറണ്ട് അടിച്ച മാതിരി മൈതീൻ എതിരാളിയെ മലർത്തിയടിക്കും, അങ്ങനെ ഇലക്ട്രിക്ക് മൈതീൻ ആയി. ഒരു പക്ഷെ ഇലക്ട്രിക്ക് മൈതീനേ മനസ്സിൽ കാണ്ടാവണം, നൂറനാട് ഹനീഫാസർ ഗോദാ എന്ന നോവലിൽ സിംഹനാഥനെ എതിരിടാനായി ‘വൈദ്യുത മമ്മു’ വിനെ ഇറക്കിയത്.

കരുനാഗപ്പള്ളിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പനയറ മുഹമ്മദ് കുഞ്ഞ് പ്രസിദ്ധനായ ഗുസ്‌തി പ്രേമിയും, നല്ലൊരു പിടുത്തക്കാരനുമായിരുന്നു. കൊല്ലത്ത് പുന്നത്തലയിൽ ഒരു കളരിയുണ്ടായിരുന്നു. കാരാമുക്കിൽ കേശവൻ ആശാന്റെ വക. വെളുത്തകുഞ്ഞ് ഫയൽവാൻ, ഷൻമുഖദാസ്, കട്ടച്ചിറ പപ്പുദാസ്, പ്രാക്കുളം കോയകുട്ടി, മുണ്ടൻ വേലായുധൻ, എന്നീ ഫയൽമാൻമാർ കേശവൻ ആശാന്റെ ശിഷ്യന്മാരായിരുന്നു. എഴുത്തുകാരനായ ദാമോദരൻ (ദാമു ) അദ്ദേഹത്തിൻ്റെ മകനാണ്. ഗോദ എന്നനോവൽ എഴുതാൻ വേണ്ടി നൂറനാട് ഹനീഫ് (1935 – 2005 ) നിരവധി തവണ കാവലിലുള്ള ദാമു സാറിൻറെ വീട്ടിൽ വന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കട്ടച്ചിറ പപ്പുദാസ്സും ഇലക്ട്രിക്ക് മെയ്തീൻ കുഞ്ഞും തമ്മിൽ തങ്കശ്ശേരിയിൽവെച്ച് നടന്ന പിടുത്തം രണ്ടു സമന്മാരുടേതായിരുന്നു. ചില മർമ്മാണി പിടുത്തങ്ങളിൽ കുടുങ്ങി കട്ടകട്ടക്കുള്ള പിടുത്തം നാഴികകളോളം നിഛലമായി നിന്നുപോയത്രെ. അർക്കും ആരെയും മലർത്താൻ പറ്റുന്നില്ല. തങ്കശ്ശേരിയിൽ വൈകിട്ട് ലഭിക്കുന്ന സൂര്യവെളിച്ചം മറഞ്ഞിട്ടും വിജയിയെ തീരുമാനിക്കാൻ പറ്റിയില്ല. കളി മാറ്റിവെക്കണം എന്ന് ചിലരും, അതല്ല മത്സരം പെട്രോമാക്സ് വെളിച്ചത്തിൽ തുടരണം എന്ന് മറ്റ് ചിലരും വാശി പിടിച്ചു. ഗ്യാസ് പെട്രോമാക്സ്‌ വെളിച്ചത്തിൽ മത്സരം തുടർന്നു. അവസാനം പപ്പുദാസ് വിജയിയായി.

കൊല്ലത്ത് അവസാനം നടന്ന മൽസരം പോളച്ചിറ രാമചന്ദ്രനും ഹിമാംബാക്സും തമ്മിലായിരുന്നു. കുമ്പളമായിരുന്നു അതിനു മുൻകൈഎടുത്തത്. പോളച്ചിറയെ നിമിഷംകൊണ്ട് പഞ്ചാബുകാരനായ ഹിമ്മബാക്സ് ചവിട്ടികൂട്ടി.

കൊല്ലത്ത് കച്ചേരീടെ തെക്കേ മുക്കിൽ മൂലക്ക് കിഴക്കായി ഓടിട്ട ഒരു പഴയ കെട്ടിടം കാണാം. ഈ മുക്കിനെ മൂന്നുവിളക്കുമുക്കെന്നാണ് അറിയപ്പെട്ടിരുന്നത്. ജനാബ് എം കെ സൈയ്ദ് മുഹമ്മദ്‌ എന്ന കലാസ്വാദകന്റെ വീടായിരുന്നു അത്. കൊച്ച് കായിക്കരക്കൊപ്പം കൊല്ലത്ത് ഗുസ്തി മത്സരം സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്ത ആളായിരുന്നു ജനാബ് സൈദ്. 1950 ൽ ലോക മല്ലന്മാർ കിഗ് കോംഗിനേയും ധാരാസിംഗിനേയും കൊല്ലത്തുവരുത്തി ഗുസ്തി മത്സരം നടത്തി ഗോദക്ക് പുറത്തെ മല്ലനായി ജനാബ് അറിയപ്പെട്ടു. പഴയ സെനിത്ത് തിയേറ്റർ നിൽക്കുന്നിടത്തെ വണ്ടിപേട്ടയിൽ ഗോദ കെട്ടിയായിരുന്നു ഗുസ്‌തി മത്സരങ്ങൾ അരങ്ങേരിയത്. ജനാബിന്റെ മകളുടെ നിക്കാഹിന്റന്നു വൈകിട്ട് എം. കെ ത്യാഗരാജാ ഭാഗവതരെ കൊല്ലത്തു കൊണ്ടുവന്നു കച്ചേരി നടത്തിയത് നേരിട്ട് കണ്ടയാളാണ് എന്റെ സ്നേഹിതൻ പി ടി വർഗീസ് എന്ന റിട്ടയേർഡ് ബാങ്ക് മാനേജർ. അദ്ദേഹം അന്ന് സുമംഗലി കല്യാണ മണ്ഡപം നിൽക്കുന്ന പറമ്പിന്റെ എതിർവശമായിരുന്നു താമസം. ഗുസ്തി മത്സരം നടക്കുമ്പോൾ അന്നവിടെ ഒരു പോലീസ് ലാത്തി ചാർജ് ഉണ്ടായി. ത്യാഗരാജ ഭാഗവതരുടെ കച്ചേരി കേൾക്കാനായി ജനം കർസൺ റോഡ് നിറഞ്ഞ് തിക്കും തിരക്കും കൂട്ടി. തിരക്ക് നിയന്ത്രണാതീധമായപ്പോൾ പോലീസ് ലാത്തി വീശി ജനത്തെ ഓടിച്ചു. പലരും അടി പേടിച്ച് വർഗീസിന്റെ വീട്ടിൽ അഭയം തേടി. (ലക്ഷ്മിനട മുതൽ മൂന്ന് വിളക്ക് മുക്കുവരെയുള്ള റോഡാണ് കർസൺ റോഡ് എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ ലോർഡ് കർസണും ലേഡി കർസണും കുതിര വണ്ടിയിൽ ഇതുവഴി പതിവായി പോയതുകൊണ്ടാണ് ഈ പേര് ലഭിച്ചത്). ഇദ്ദേഹം എം .ജി.ആറിനേയും എം ആർ രാധയെയും കൊല്ലത്തു കൊണ്ട് ചെന്ന് പ്രശസ്തമായ രക്തകണ്ണീർ എന്ന തമിഴ് നാടകം കളിപ്പിച്ചു .തകരകൊട്ടക എന്നറിയപ്പെട്ടിരുന്ന ഷഹാൽ തീയറ്റർ ആയിരുന്നു വേദി.

യേശുദാസിൻ്റെ കച്ചേരിയും കൊല്ലത്തു ആദ്യമായി അരങ്ങേറാൻ ഇദ്ദേഹമാണ് സഹായിച്ചത് വെണ്ടർ ഗ്രൂപ്പ് കുടുംബമാണ് ഇതിനു വേണ്ട സഹായം ചെയ്തത് .

ഇപ്പോഴും കാണുന്ന ഈ വീട്ടിൽ ഞാൻ അന്ന് അഡ്വക്കേറ്റ് കെ സി തങ്കപ്പൻ പിള്ളയാണ് താമസിച്ചിരുന്നത്. ആ വീടിന്റ തെക്കുവശത്തായി ഇപ്പോൾ ഓട്ടോസ്റ്റാന്റ് കിടക്കുന്നിടത് ഉള്ള പൊടിപ്പുമില്ലിൽ ഞാൻ ഗോതമ്പ് പൊടിക്കാൻ പോകുമായിരുന്നു. ബോസിന്റെ പലചരക്കു കട അന്നും ഇന്നും ഉണ്ട്. അഡ്വക്കേറ്റ് കെ സി പിന്നീടാണ് തൊട്ട് വടക്ക് കാണുന്ന ഇപ്പോഴത്തെ വീട് വെച്ച് അങ്ങോട്ട്‌ മാറുന്നത്. H&C കമ്പനിക്കാരാണ് ഇപ്പോഴുള്ള പുതിയ വീട് നിർമ്മിച്ചത്.

ശക്തികുളങ്ങരയിൽ ചെമ്മീൻ കയറ്റുമതി രംഗത്തെ മുൻനിരയിൽ ഉണ്ടായിരുന്ന ഓഷ്യാനിക് ആംബ്രോസ്സ് മുതലാളിയുടെ പുത്രൻ ഫെലിക്സ് ബാബുവിന്റെ ഉടമസ്ഥതയിലും ആണ് ഇന്നീ കെട്ടിടം.

ഇതിലൊക്കെ ഉപരിയായി, ഇപ്പോഴത്തെ തലമുറക്ക് സുപരിചിതനായൊരു ഗുസ്തിക്കാരനുണ്ട് കൊല്ലത്ത്. പ്രസിദ്ധമായ ചാമക്കട ഫയൽവാൻ ഹോട്ടലിന്റെ ഉടമകൂടിയായ മുഹമ്മദ് കുഞ്ഞ്, പള്ളിത്തോട്ടം ജോനകപുറം സൂചിക്കാരൻ മുക്കിൽ കൈതവിള വീട്ടിൽ ആയിരുന്നു താമസം. ഗുസ്‌തി എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഒരു പ്രാന്തായിരുന്നു. ഗുസ്‌തി പഠിച്ച് ഫയൽവാൻ ആകുക മാത്രമല്ല കൊല്ലത്തു മല്ലയുദ്ധത്തിനു വരുന്ന മുഴുവൻ ഗുസ്തിക്കാർക്കും ആട്ടിൻ സൂപ്പും ആട്ടിറച്ചിയും അപ്പവും, ബിരിയാണിയും വിളമ്പിയും കൊടുത്തു.

ഒരുകാലത്ത് റമീസിലും, സലീമിലും, ടൗൺ അതിർത്തിയിലെ സിറ്റി ഹോട്ടലിലും ആട്ടിൻ സൂപ്പ് കിട്ടിയിരുന്നു. അന്ന് കൊല്ലം കമ്പോളത്തിലെ പാവപെട്ടവരായ മുഴുവൻ ചുമട്ടു തൊഴിലാളികൾക്കും വേണ്ടുവോളം ഭക്ഷണം സൗജന്യമായി വിളമ്പിയ കൈയായിരുന്നു ഫയൽവാൻ മുഹമ്മദ്‌ കുഞ്ഞിന്റെത്.

ഫയൽവാൻ
ഹോട്ടലിനുള്ളിൽ ഫയൽവാൻമാരുടെ ചിത്രങ്ങൾ ഇല്ലോഴും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.

പണ്ട്, ചിന്നക്കട കുമാർ തീയേറ്ററിന്റെ മുൻവശത്ത് ഒരു പാർക്കും, പാർക്കിനുള്ളിൽ ഒരു വഴിക്കിണറും ഉണ്ടായിരുന്നു. ചിന്നക്കടയിലെ വ്യാപാരികളും ഗുസ്‌തിക്കാരും, ഗുസ്‌തി പ്രേമികളും വൈകുന്നേരങ്ങളിൽ അവിടെ വന്നിരിക്കുമായിരുന്നു. ബൽറാം മോട്ടോർസ് ബസ്സ്‌ ഉൾപ്പെടെയുള്ള പ്രൈവറ്റ് ബസ്സുകൾ രാത്രിയിൽ ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചു കഴുകിയിരുന്നു. ചിന്നക്കടയിലെ ആശാൻ ടീ ഷോപ്, ബ്ലൂ പാർക്ക് ഹോട്ടൽ, മെഹർബാൻ ഹോട്ടൽ ,നൈന ഹോട്ടൽ തുടങ്ങി മിക്ക ഹോട്ടലുകളിലും ഈ കിണറ്റിലെ വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. പാർക്കിന്റെ കിഴക്ക് വശത്ത് ഷൗക്കത് എന്നൊരു വ്യാപാരി 1954 ൽ തുടങ്ങിയ ഹോട്ടലായിരുന്നു ആദ്യം പാർക്ക് വ്യൂ എന്ന് പേരുള്ള പ്രസിദ്ധ ഹോട്ടൽ. കിണർ മൂടുകയും പാർക്ക്‌ പൊളിക്കുകയും ചെയ്തപ്പോൾ ബ്ലൂ പാർക്ക്‌ ഹോട്ടൽ എന്ന് പുനഃർനാമകരണം ചെയ്തു. ഷൗക്കത് മുതലാളിയുടെ 1989 ലെ മരണത്തോടെ മൂത്ത മകൻ ഹോട്ടൽ ഏറ്റെടുത്തു. ഇളയ മകൻ ഷാജി ഇപ്പോൾ ബ്ലൂ പാർക്ക്‌ ട്രാവെൽസ് നടത്തുന്നു.
മാസപടി മാതുപിള്ള എന്ന സിനിമയിൽ പോളച്ചിറ രാമചന്ദ്രനും ഹിമാംബോക്സും ഗുസ്‌തി പിടിക്കുന്ന രംഗം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നേരിട്ട് കണ്ട ബ്ലൂ പാർക്ക്‌ ട്രാവെൽസ് ഉടമയാണ് ഷാജി.

ഗുസ്തിക്ക് ഏറെ പ്രോത്സാഹനം കൊടുത്ത കൊല്ലം നഗരത്തിൽ വീണ്ടും ഒരു ഗുസ്‌തി ഗോദ ഒരുക്കാൻ കൊല്ലം കോർപ്പറേഷനോ ,Q .A .C , കടപ്പാക്കട സ്പോർട്സ് ക്ലബ് അതുപോലെയുള്ള ഏതെങ്കിലും സാംസ്‌കാരിക ക്ലബ്ബുകളോ മുന്നോട്ട് വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു .

ഈ കുറിപ്പ് പൂർണമാക്കാൻ പി ടി വർഗീസ്, നൂറനാട് ഹനീഫയുടെ ഗോദ എന്ന നോവൽ, കോഴിശ്ശേരിൽ വി ലക്ഷ്മണൻ സാറിന്റെ ആധുനിക കൊല്ലം എന്ന പുസ്തകം, ബീച്ച് റോഡിലെ വ്യപാരി സതേൺ എലക്ട്രിക്കൽസ് ഉടമ പ്രകാശ് സാലി, ചാമക്കടയിലെ ഹിന്ദുസ്ഥാൻ അലൂമിനിയം വ്യാപാരി തലശ്ശേരിക്കാരൻ ഹാഷിം എന്നിവർ സഹായിച്ചിട്ടുണ്ട്.

കെ ആർ രവി മോഹൻ
ശബരി കൊല്ലം 12

- Advertisment -

Most Popular

- Advertisement -

Recent Comments