ശാശ്വത യശ്ശ: സ്തംഭമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. യഥാർത്ഥ നാമം വാസുദേവൻ. പതിനേഴ് വയസ്സിന് ശേഷമാണ് ശങ്കുണ്ണി പഠന കാര്യത്തിൽ ശ്രദ്ധാലുവാകുന്നത്. മഹാ വിദ്വാനായിരുന്ന മണർകാട്ടു ശങ്കരവാര്യർ പ്രഥമ ഗുരുതുല്യനായിരുന്നു. പിന്നീട് വൈദ്യ ഗ്രേസനും പണ്ഡിത കവിയുമായിരുന്ന വയസ്കര ആര്യ നാരായണൻ മൂസ്സതിൽ നിന്നും രഘുവംശം, മാഘം, നൈഷധം എന്നീ കാവ്യങ്ങൾ പഠിച്ചു.
സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗ ഹൃദയം മുതലായവ വൈദ്യശാസ്ത്രങ്ങളിൽ നിന്നും പ്രാവിണ്യം നേടി.
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബ്ബന്ധ പൂർവ്വം മൂപ്പത്തിയാറാം വയസ്സിൽ സുഭദ്രാഹരണമണിപ്രവാളം രചിച്ചു.
1869-ൽ കൊച്ചി രാജാവിന്റെ ഷഷ്ടിപൂർത്തി ചടങ്ങിൽ “കവിതിലകൻ ” എന്ന സ്ഥാനം ലഭിച്ചു. 1923 – ൽ മാർ ദീവന്നാസ്യോസ് സെമിനാരി ഹൈസ്ക്കുളിൽ മലയാളം മുൻഷിയായി നിയമിതനായി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ” ഐതിഹ്യമാല ” മലയാളത്തിന്റെ പ്രാക്തന സംസ്കൃതിയുടെ അഭിജാത സൗന്ദര്യത്തിന്റെ പ്രതീകമായി മാറി.
അത്യന്തം രസകരവും സുലളിത പ്രയോഗ വൈഭവവുമായ ആഖ്യാന രീതി ഐതീഹ്യമാലയെ പവിത്രമായ ഒരനുഭവമാക്കി.
ചരിത്രങ്ങളുടെയും പഴം പുരാണങ്ങളുടെയും ഗാംഭീര്യത ജനമനസ്സുകളെ ഉർവ്വരമാക്കി.
ഐതീഹ്യകഥകളുടെ ഗന്ധമാദന ഗിരികൾ ഏവരെയും പ്രോജ്ജ്വലമാക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്നു.
കാലത്തിന്റെ ഏത് കുത്തൊഴുക്കിലും ഒഴുകിപ്പോകാതെ മലയാളികളുടെ മനസ്സിൽ ഐതീഹ്യമാല നിറഞ്ഞു നില്ക്കുമെന്നതിൽ ഒരു സംശയവും വേണ്ട!
1937 ജൂലൈ 22 ന് എൺപത്തിരണ്ടാം വയസ്സിൽ ആ “മഹാനു ഭാവുലു “ലോകത്തോട് വിട പറഞ്ഞു.