കൊല്ലം കോർപറേഷൻ ആരോഗ്യവിഭാഗം ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതമാകുമ്പോൾ സ്വന്തം കാര്യത്തിൽ അത് മറക്കുന്നത് വിരോധാഭാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പരിസര ശുചീകരണത്തിന് പ്രമുഖ സ്ഥാനമാണ് നൽകി വരുന്നത്.
ഇത് പരിപാലിക്കാത്തവർക്കെതിരെ ആരോഗ്യവിഭാഗം വളരെ നിഷ്കർഷതയോടെ താക്കീതും മറ്റും നൽകിവരുന്നു.
എന്നാൽ, സ്വന്തം പരിസരത്ത് അതായത് ആരോഗ്യവിഭാഗം പ്രവർത്തിക്കുന്ന ഓഫീസിന് സമീപം കോർപ്പറേഷൻ കോമ്പൗണ്ടിൽ തെക്കുകിഴക്കായി മുനിസിപ്പൽ കാന്റീന് പടിഞ്ഞാറായി കൂട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കൾ പ്രത്യേകിച്ച് അനധികൃത ഇറക്കുകളും മറ്റും പിടിച്ചെടുത്തത് ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇരുമ്പ് ആയിട്ടുള്ള വസ്തുക്കൾ ഏറെയും ദ്രവിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ കുന്നുകൂടി കിടന്ന് പരിസരം വൃത്തിഹീനമാകുകയാണ്. അതിൽ മഴപെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന രീതിയിലുള്ള സാധന സാമഗ്രികളും ഉണ്ട്.
ഇങ്ങനെ വെള്ളം കെട്ടിക്കിടന്ന് കൂത്താടി ആയി കൊതുകുകളായി ആൾക്കാർക്ക് കൊതുകു കടി ഏൽക്കുകയാണ്.
കാന്റീനിൽ ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അവിടെ പകൽ പോലും ഇരിക്കാനാവാത്ത അവസ്ഥയാണ്.
ഡെങ്കിപ്പനിക്കെതിരെ നിയമ യുദ്ധം ചെയ്യുമ്പോൾ കോർപ്പറേഷൻ അധികൃതരും ആരോഗ്യ വിഭാഗവും ഇത് കണ്ടില്ലെന്ന് പറയാനാവില്ല.
എത്ര വികൃതമായി പരിസരം കിടക്കുകയാണെന്ന് ഇവിടെ വന്ന് കാണുമ്പോൾ മനസ്സിലാകുന്നതാണ്.
മറ്റുള്ളവരെ നന്നാക്കുന്നതിന് മുമ്പ് സ്വയം നന്നാവാനുള്ള തിരിച്ചറിവ് എങ്കിലും ബന്ധപ്പെട്ടവർക്ക് ഉണ്ടായാൽ നന്ന്.