24.9 C
Kollam
Thursday, December 26, 2024
HomeMost Viewedമെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ; കൊല്ലം ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും

മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ; കൊല്ലം ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും

വോട്ടെണ്ണലിനോടനുബന്ധിച്ച്  മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ല. ഏപ്രില്‍ 24, 25 തീയതികളില്‍ ജില്ലയില്‍ ശുചിത്വദിനം ആചരിക്കും. ഈ ദിവസങ്ങളില്‍ വാര്‍ഡ്, ബൂത്ത് തലങ്ങളിലും സര്‍ക്കാര്‍ സ്വാകര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാക്‌സിന്‍ നല്‍കുന്നതിന് ഓണ്‍ലൈനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന. പോലീസും റവന്യു അധികാരികളും സെക്ടറല്‍ ഓഫീസര്‍മാരും നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ നടപടിയെടുക്കും. റംസാനുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോട്ടെണ്ണല്‍ സീറോ വേസ്റ്റ് തത്വമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. കോവിഡ് മാനേജ്‌മെന്റ്‌റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ബൂത്ത് കമ്മിറ്റികളില്‍ നിന്ന് നല്‍കാമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
എല്ലാ കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണല്‍ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. വോട്ടെണ്ണല്‍ ദിവസം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൗണ്ടിംഗ് ഹാളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഹാളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് പുറത്തേക്ക് പോകാന്‍ അനുവാദമില്ല. വരണാധികാരികള്‍, നിരീക്ഷകര്‍ എന്നിവര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളിനകത്ത് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഹാളിനുള്ളില്‍ ഭക്ഷണവിതരണം ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മാത്രം ഭക്ഷണം കൊണ്ടുവന്ന് ഉപയോഗിക്കാം.
അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. അച്ചന്‍കോവില്‍, അലിമുക്ക് ഭാഗങ്ങളില്‍ കര്‍ശന പോലീസ് പരിശോധന ഏര്‍പ്പെടുത്തും.
കലക്ടര്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍. സ്വാഗതാര്‍ഹമാണെന്നും മാനദണ്ഡ പാലനം സംബന്ധിച്ച് പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്നും രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments