കോവിഡ് വാക്‌സിൻ ചലഞ്ച് സഹകരണ മേഖലയും ഏറ്റെടുക്കുo . ആദ്യ ഘട്ടമായി 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇന്ന് വിളിച്ച് ചേര്‍ത്ത സഹകരണ മേഖലയിലെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടേയും ഓൺലൈൻ യോഗത്തിലാണ് തിരുമാനമായതെന്ന്
മന്ത്രി വ്യക്തമാക്കി.
ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്പേതര സംഘങ്ങൾ 50,000 മുതൽ 1 ലക്ഷം രൂപ വരെ നൽകും. കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും.
സഹകരണ ജീവനക്കാർ 2 ദിവസത്തെ ശമ്പളം സിഎംഡിആർഎഫിലേക്ക് നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തിൽ നിന്നുമാണ് നൽകുക. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.
സഹകരണ ആശുപത്രികൾ, ലാബുകൾ, ആംബുലൻസുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ എന്നിവ കൂടുതൽ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവർത്തിക്കും. പലവ്യഞ്ജനങ്ങൾ, മരുന്ന് എന്നിവയുടെ വാതിൽപടി വിതരണം കൺസ്യൂമർ ഫെഡ് കൂടുതൽ വിപുലമാക്കും. മാർക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.