തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ ശാസ്‌ത്രജ്ഞരാണ് വളരെ കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നുതരം വെന്റിലേറ്ററുകൾ വികസിപ്പിച്ചത് . 40 ശതമാനം ചെലവ് കുറച്ച് ഇവ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് രൂപകൽപ്പന ചെയ്തത്. ആശുപത്രികളിൽ ഉപയോഗിക്കാനുള്ള ഏറ്റവും ആധുനിക സാങ്കതികവിദ്യയോടുകൂടിയ ‘വായു’ പ്രൊഫഷണൽ വെന്റിലേറ്ററാണ് ആദ്യത്തേത്. ഒരു ലക്ഷം രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്. വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന ‘സ്വസ്‌ത’ വെന്റിലേറ്റർ ഏതു ഘട്ടത്തിലും ഉപയോഗിക്കാനാകും. അനായാസം ഉപയോഗിക്കാൻ കഴിയുന്ന ‘പ്രാണ’യാണ് മൂന്നാമത്തേത്.
ആദ്യ ലോക്ഡൗൺകാലത്താണ് ഗവേഷണത്തിന് തുടക്കമിട്ടത്. ശാസ്‌ത്രജ്ഞരും എൻജിനിയർമാരും അടങ്ങുന്ന മൂന്നു സംഘം ചേർന്ന് ഒന്നരവർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഇത് വികസിപ്പിച്ചത്. മൂന്ന് വെന്റിലേറ്ററുകളുടെയും ക്ഷമതാ പരിശോധനകളടക്കം പൂർത്തിയായി. അന്തിമ പരിശോധനയ്‌ക്കുശേഷം ഈ മാസം അവസാനത്തോടെ സാങ്കേതികവിദ്യാ കൈമാറ്റത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ് സോമനാഥ് ദേശാഭിമാനിയോട് പറഞ്ഞു. ചികിത്സച്ചെലവ് കുറയ്‌ക്കുന്നതിന് ഇത്തരത്തിലുള്ള ഗവേഷണങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.