മലയാളി സന്നദ്ധ സംഘടനയായ കെയർ മുംബൈ ലോക്ഡൗൺ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ധാരാവിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുനൂറിലധികം കുടുംബങ്ങൾക്ക് റേഷൻ കിറ്റുകൾ വിതരണം ചെയ്തതു . ധാരാവിയിലും മാട്ടുംഗയിലുമായി 220 കുടുംബങ്ങൾക്കാണ് പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെയാണ് കിറ്റുകൾ എത്തിച്ചത്. മുംബൈയിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളിൽ കഴിയുന്ന ധാരാവിയിലെ നിരവധി കുടുംബങ്ങളാണ് കൊറോണ പൊട്ടിപുറപ്പെട്ടതോടെ വരുമാനം നിലച്ചു ദുരിതത്തിലായത്. ഇത് രണ്ടാം തവണയാണ് കെയർ മുംബൈയുടെ നേതൃത്വത്തിൽ ധാരാവിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്.
പോയ വർഷം നൂറിലധികം കുടുംബങ്ങൾക്കാണ് സംഘടന റേഷൻ കിറ്റുകൾ എത്തിച്ച് നൽകിയത്. പ്രദേശത്തെ മലയാളി കോർപ്പറേറ്ററും സാമൂഹിക പ്രവർത്തകനുമായ ടി എം ജഗദീഷ് ആണ് ഏകോപനം നിർവഹിച്ചത്. കൂടാതെ മാട്ടുംഗ ലേബർ ക്യാമ്പ്, സയൺ കോളിവാഡ, ആന്റോപ്പ് ഹിൽ, വഡാല എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്കും റേഷൻ കിറ്റുകൾ വിതരണം ചെയ്തു.