27.9 C
Kollam
Sunday, December 8, 2024
HomeMost Viewedദുബായിലേയ്ക്ക് ജൂലൈ 6 വരെ വിമാന സർവീസുകൾ ഇല്ല ; എയർ ഇന്ത്യ

ദുബായിലേയ്ക്ക് ജൂലൈ 6 വരെ വിമാന സർവീസുകൾ ഇല്ല ; എയർ ഇന്ത്യ

ബുധനാഴ്ച മുതൽ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾ നിരാശയിലായി . ദുബായിലേയ്ക്ക് ജൂലൈ ആറ് വരെ വിമാന സർവീസുകൾ ഇല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ.യിൽ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂലൈ ആറ്​ വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​ൻറെ സംശയത്തിന്​ മറുപടിയായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്​ച മുതൽ സർവീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചയ്ക്ക്​ നിർത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല.

മറ്റൊരു പ്രധാന തടസ്സം, നാട്ടിൽ നിന്ന്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലം വേണമെന്ന നിർദേശമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന്​ സംവിധാനം ഏർപെടുത്താനുള്ള ഒരുക്കത്തിലാണ് എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ. എന്നാൽ ഈ സംവിധാനം എന്ന് മുതൽ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് വിവരം .

- Advertisment -

Most Popular

- Advertisement -

Recent Comments