പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്. പ്രത്യേകം എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മണികണ്ഠനെ സെയ്ദാപേട്ട് സബ് ജയിലില്‍ നിന്ന് പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിവാഹം വാഗ്ദാനം നല്‍കി മലേഷ്യന്‍ സ്വദേശിയായ നടിയെ അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പച്ചെന്നതാണ് മണികണ്ഠന് എതിരെയുള്ള കേസ്. നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും ഉടന്‍ വിവാഹം ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. ഒരുമിച്ച് കഴിഞ്ഞ സമയത്ത് മൂന്ന് തവണ തന്നെ ഗര്‍ഭഛിത്രം നടത്തിയെന്ന് യുവതിയുടെ പരാതിയിലുണ്ട്. മന്ത്രിപദവിക്ക് പ്രശ്നമാകുമെന്ന് കണ്ടതോടെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. 2017ല്‍ യുവതി പരാതിയുമായി പോലീസിനെയും വനിതാ കമ്മീഷനെയും സമീപിച്ചു. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് മണികണ്ഠനെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി പുറത്താക്കിയിരുന്നു. മന്ത്രിസ്ഥാനം നഷ്ടമായതോടെ യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായി. പുറത്തുപറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു..