ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ഇടതുപക്ഷ എം പിമാര്‍ നല്‍കിയ അപേക്ഷയും നിരസിച്ച് ഭരണകൂടം. സന്ദര്‍ശനാനുമതി തേടി എട്ട് ഇടതുപക്ഷ എം പിമാര്‍ നല്‍കിയ അപേക്ഷയാണ് ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചത്. ഇടത് എം പിമാരായ എളമരം കരീം, വി ശിവദാസന്‍, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, തോമസ് ചാഴിക്കാടന്‍, എ എം ആരിഫ് എന്നിവരാണ് സംയുക്തമായി അപേക്ഷ നല്‍കിയിരുന്നത്. എം പിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കും എന്ന് പറഞ്ഞാണ് നടപടി. സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും അത് പൊതുജനങ്ങളുടെ താത്പര്യത്തെയും പൊതു ക്രമത്തെയും ദ്വീപിന്റെ സമാധാനാന്തരീക്ഷത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും അനുമതി നിഷേധിച്ചു കൊണ്ട് ലക്ഷദ്വീപ് കലക്ടര്‍ അക്സര്‍ അലി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.