ഉത്ര കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ കുറ്റപത്രം വനം കോടതിയില്‍ സമര്‍പ്പിച്ചു. വനം വകുപ്പ് കുറ്റപത്രത്തില്‍ പറയുന്നത് ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്നാണ്. ഉത്രയെ മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് മയക്കുമരുന്ന് നല്‍കിയ ശേഷമാണെന്ന് കൊലപാതകക്കേസ് വിചാരണയില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദിച്ചു.
പാമ്പിനെ ഉപയോഗിച്ച് രണ്ട് തവണയാണ് സൂരജ് ഉത്രയെ കടിപ്പിച്ചത്. ആദ്യം അണലി. രണ്ടാമത് മൂര്‍ഖന്‍. അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് മൂര്‍ഖനെ വാങ്ങിയത്. രണ്ടാം ശ്രമത്തില്‍ മൂര്‍ഖനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തി.
ഈ സംഭവത്തില്‍ രണ്ട് കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തുക, പാമ്പിനെ വില്‍ക്കുക. പാമ്പിനെ വാങ്ങി കൈവശം വെക്കുക തുടങ്ങിയ വകുപ്പുകള്‍ വനംവകുപ്പ് രണ്ട് കേസുകളിലും ചുമത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് ഒന്നാം പ്രതിയും പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പ്രതിയുമാണ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ഒ.ആര്‍ ജയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തി.
പുനലൂര്‍ വനം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് മേല്‍ചുമത്തിയിരിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വിവധ വകുപ്പുകളാണ്. അതേസമയം, ഉത്ര കൊലപാതകക്കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമവാദം തുടരുകയാണ്. മയക്കുമരുന്നു നല്‍കിയ ശേഷമാണ് സൂരജ് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കം കോടതിയില്‍ സമര്‍പ്പിച്ചു.