കരുവന്നൂർ സഹകരണ ബാങ്കിലാണ് വൻ വായ്പാ തട്ടിപ്പ് നടന്നത് . സഹകരണ ജോയിൻ്റ് രജിസ്ട്രാർ കണ്ടെത്തിയത് നൂറു കോടിയുടെ തട്ടിപ്പാണ്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്.
മറ്റുള്ളവരുടെ ആധാരം പണയം വച്ച് പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. നാട്ടുകാരും ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തി.