വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി. വിവാഹനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും സാമുദായഭേദമന്യേ പൊതുനിയമം കൊണ്ടു വേണമെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, കൗസര്‍ എടപ്പഗത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും, വഷളത്തം നിറഞ്ഞ ഭര്‍ത്താവിന്റെ പെരുമാറ്റവും സാധാരണ ദാമ്പത്യ ജീവിതമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ടെന്നും അതിനുമുകളിലുള്ള കടന്നു കയറ്റം സ്വകാര്യതയെ ലംഘിക്കലാണെന്നും കോടതി പറഞ്ഞു. രണ്ട് സ്ത്രീകള്‍ക്ക് വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ ഭര്‍ത്താക്കന്മാര്‍ നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടായിരുന്നു പരാമര്‍ശം.
ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാകുമെന്നും വിവാഹമോചനത്തിന് ഇത് മതിയായ കാരണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.