കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണു സാധ്യത. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയ്യാറാകണം. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കിവയ്ക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കാൻ തയാറാകണം. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.