കർഷകവിരുദ്ധതയ്‌ക്കെതിരായ ചരിത്ര ജനമുന്നേറ്റത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് എൽഡിഎഫ് നയിക്കുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മൂന്ന് കാർഷികനിയമത്തിനും വൈദ്യുതിബില്ലിനും എതിരായി ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം പത്തു മാസം പിന്നിടുമ്പോഴാണ് ബന്ദ്. അഞ്ഞൂറിൽപ്പരം കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻമോർച്ച(എസ്‌കെഎം) ബന്ദിന് ആഹ്വാനംചെയ്‌തത് ചർച്ചയ്‌ക്കുപോലും കേന്ദ്രം തയ്യാറാകാത്തതിനാലാണ്.