സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും ജനങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയൊരു പ്രശ്‌നമാണ്. നമ്മുടെ നാട്ടിലെ റെയില്‍ വികസനം വളരെ മന്ദഗതിയിലാണ്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്. ഇത് മാറേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ പരിഹാരമാര്‍ഗ്ഗമാണ് അര്‍ദ്ധ അതിവേഗ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.