കനത്ത മഴയാണ് കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ പെയ്തുകൊണ്ടിരിക്കുന്നത്. തെന്മല ഡാമിൻറെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി.ശക്തമായ മഴയാണ് ജില്ലയുടെ മലയോര മേഖലയിലും പെയ്യുന്നത്. പത്തനാപുരത്ത് കനത്ത മഴയിൽ വീട് തകർന്നു.അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു. റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഇതോടെ, ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊല്ലത്തിന്‍റെ തീരമേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. ക്ലാപ്പന പഞ്ചായത്തിൽ ചില വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിച്ചു. മയ്യനാട് താന്നി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറി. മൺട്രോതുരുത്തിലും വീടുകളിൽ വെള്ളം കയറി ജനങ്ങൾ ബുദ്ധിമുട്ടിലാണ്.