മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷനാണ് ഹെലികോപ്ടർ കരാർ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാർ.
ആറ് സീറ്റുള്ള ഹെലികോപ്ടർ മൂന്ന് വർഷത്തേയ്ക്കാണ് കേരളം വാടകയ്ക്ക് എടുക്കുന്നത്. മാസം എൺപത് ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഈ തുകയിൽ ഇരുപത് മണിക്കൂറാണ് സഞ്ചരിക്കാനാവുക, അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം.
കരാർ സ്വന്തമാക്കിയ ചിപ്സൺ ഏവിയേഷനാണ് തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത്. ചിപ്സൺ ഏവിയേഷന് പുറമേ ഒ.എസ്.എസ് എയർ മാനേജ്‌മെന്റ്, ഹെലിവേ ചാർട്ടേഴ്സ് എന്നീ കമ്പനികളാണ് കരാർ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നത്.
15 വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുക. സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം. ആറ് വി.ഐ.പി യാത്രക്കാരെ അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന ഇരട്ട എൻജിൻ കോപ്ടറാണ് വാടകയ്‌ക്കെടുക്കുക. പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണമെന്നാണ് വ്യവസ്ഥ. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധിക തുക നൽകും.
ഖജനാവിലെ 22.21 കോടി ചെലവഴിച്ചു വാങ്ങിയ ആദ്യത്തെ കോപ്ടർ ഫലപ്രദമായി ഉപയോഗിക്കാനായില്ല.അത് തിരുവനന്തപുരം വിമാനത്താവളത്തിൽ കിടക്കുകായായിരുന്നു. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാരതീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടർ വാടകയ്‌ക്കെടുക്കുന്നത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ഹെലികോപ്ടറിനുള്ള ചെലവ് വഹിക്കുന്നത്.ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഖജനാവ് പൂജ്യത്തിൽ നിന്നും നെഗറ്റീവ് ആണെന്ന സാഹചര്യവും ഓർക്കേണ്ടതുണ്ട്.