ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ചു.ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വസ്തുക്കൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് വരുത്തിയ സാഹചര്യത്തിൽ ഇവരുടെ ജീവിത മാർഗം പ്രതിസന്ധിയിൽ ആയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികൾ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികൾ ഉള്ളവരുമാണ്. എന്നാൽ നിലവിൽ പലരും വിവാഹബന്ധം ഉപേക്ഷിക്കപ്പെട്ട് ആരുടെയും സഹായം ഇല്ലാതെ ജീവിക്കുന്നവരാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല. ഇവർക്ക് കാർഡ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ ലൈംഗിക തൊഴിലാളികളുടെ മൗലിക അവകാശമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.