25 C
Kollam
Friday, November 22, 2024
HomeMost Viewedഅയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ കഴിഞ്ഞു; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ കഴിഞ്ഞു; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ സർക്കാരിന് സാധിച്ചുവെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോവിഡ് കാലത്ത് അയൽക്കൂട്ട അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്‌ക്കരിച്ച ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി’യുടെ ഭാഗമായി സംസ്ഥാനത്തെ 25.15 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് 1917.55 കോടി രൂപ ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു. പലിശ സബ്സിഡി ഇനത്തിൽ 165.04 കോടി രൂപയും നൽകി. കഴിഞ്ഞ വർഷം 3.074 കോടി രൂപ മാച്ചിങ്ങ് ഗ്രാന്റ് ഇനത്തിലും 75 കോടി രൂപ റീസർജന്റ് കേരള ലോൺ സ്‌കീം മൂന്നാം ഗഡുവിന്റെ പലിശ സബ്സിഡിയിനത്തിലും അയൽക്കൂട്ടങ്ങൾക്ക് വിതരണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

റീസർജന്റ് കേരള ലോൺ സ്‌കീം, പലിശ സബ്സിഡി എന്നിവ ഉൾപ്പെടെ കഴിഞ്ഞ സാമ്പത്തിക വർഷം 67.10 കോടി രൂപയുടെ സഹായം നൽകി. അയൽക്കൂട്ടങ്ങളുടെ ലിങ്കേജ് വായ്പകൾക്ക് പലിശ സബ്സിഡിയായി 41.53 കോടി രൂപയും ലഭ്യമാക്കി. മൂന്നുലക്ഷം രൂപ വരെയുള്ള അയൽക്കൂട്ട ലിങ്കേജ് വായ്പകൾക്ക് പരമാവധി 8.5 ശതമാനം വരെ പലിശ സബ്സിഡി ലഭ്യമാക്കാൻ കഴിഞ്ഞു. അയൽക്കൂട്ടങ്ങളുടെ ആന്തരിക വായ്പാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നൽകുന്ന സാമ്പത്തിക സഹായമായ റിവോൾവിങ്ങ് ഫണ്ട് ഇനത്തിൽ 7.5 കോടി രൂപയും കുടുംബശ്രീ വിതരണം ചെയ്തു. ഇതിലൂടെ ഒരു അയൽക്കൂട്ടത്തിന് പരമാവധി 15,000 രൂപവരെ ലഭിക്കും. അയൽക്കൂട്ടങ്ങൾ നേരിടുന്ന ആകസ്മിക പ്രശ്നങ്ങൾ അതിജീവിക്കാനായി

വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട് ഇനത്തിൽ 15 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ ഒരു എ.ഡി.എസിന് ഒരു ലക്ഷം രൂപയാണ് ലഭിക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.
സംസ്ഥാന ഇൻഷുറൻസ് വകുപ്പും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും ചേർന്ന് കുടുംബശ്രീ ‘ജീവൻദീപം’ എന്ന ഇൻഷുറൻസ് പദ്ധതിയും അയൽക്കൂട്ടത്തിലെ സ്ത്രീകൾക്കായി നടപ്പിലാക്കുന്നുണ്ട്. 2023 ജനുവരി 31 വരെ ഇതിന് കാലാവധി ഉണ്ടാവും. ഈ സാമ്പത്തിക വർഷം മാത്രം 1.91 ലക്ഷം കുടുംബശ്രീ അംഗങ്ങളായ വനിതകൾ ജീവൻദീപം ഇൻഷുറൻസ് പദ്ധതിയിൽ എന്റോൾ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ ഇത്തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നില്ലെന്നും കേരളത്തിന്റെ കുടുംബശ്രീ മോഡലിനെ കാലികമായി നവീകരിക്കാനുള്ള നടപടിക്രമങ്ങൾ ഊർജ്ജിതപ്പെടുത്തി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിചേർത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments