സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതാത് സ്‌കൂളുകളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂ.
പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും മാത്രം ധരിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ തീവ്ര പുരോഗമന വാദികളാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചനകളില്ലാതെ വിദ്യാഭ്യാസ വകുപ്പ് ഒന്നും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് പ്രധാന അധ്യാപകരുടെ സംഘടനാ പ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. നിലവില്‍ ഒരു കുട്ടിക്ക് എട്ടു രൂപ നിരക്കിലാണ് നല്‍കി വരുന്നത്. എന്നാല്‍ ഇത് വര്‍ധിപ്പിക്കാനവശ്യമായ നടപടി സ്വീകരിക്കണമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രി അറിയിച്ചു.
