30 C
Kollam
Friday, March 29, 2024
HomeMost Viewedജാതി തിരിച്ചുള്ള കുട്ടികളുടെ കായിക ടീം രൂപീകരണം; തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍

ജാതി തിരിച്ചുള്ള കുട്ടികളുടെ കായിക ടീം രൂപീകരണം; തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍

ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രത്യേകം ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കംമറിച്ചിൽ. ദളിത് കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം.

കോർപ്പറേഷന്‍റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾക്കായി ജനറൽ/ എസ്സി വിഭാഗങ്ങൾക്ക് പ്രത്യേകം ടീമുകൾ ഉണ്ടാക്കുമെന്ന മേയറുടെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നത് വ്യാപക വിമര്‍ശനം.വിമ‍ശനം ശക്തമാകുന്നതിനിടെയാണ് നഗരസഭയ്ക്ക് ഒരു ടീമേ ഉണ്ടാകൂവെന്നും അതിൽ എല്ലാ വിഭാഗവും ഉണ്ടാകുമെന്നും വിശദീകരിച്ച് മേയറുടെ പിന്നോട്ടുപോക്ക്.

ഫുട്ബോൾ,വോളീബോൾ, ബാസ്കറ്റ് ബോൾ, ഹാന്‍റ് ബോൾ, അത്‍ലറ്റിക്സ് വിഭാഗങ്ങളിലാണ് നഗരസഭ വിദ്യാർത്ഥികളുടെ ടീമുകൾ രൂപീകരിക്കുന്നത്. സെലക്ഷൻ ക്യാംപ് സംഘടിപ്പിച്ചത് സെൻട്രൽ സ്റ്റേഡിയത്തിലാണ് ഒരു സെലക്ഷൻ ക്യാംപ് കൂടി നടത്തുമന്നും ഇതിന് ശേഷം മാത്രമേ അന്തിമ ടീം രൂപീകരിക്കൂവെന്നുമാണ് മേയറുടെ വിശദീകരണം..50 ലക്ഷം രൂപയാണ് ടീം രൂപീകരണത്തിന് നഗരസഭ നീക്കിവച്ചിരിക്കുന്നത്.

നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ് സി) എന്ന പേരിൽ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പാക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്.

ജനറൽ ഫണ്ടും എസ് സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കും. ഓരോ ഇനത്തിലും ആൺ-പെൺ വിഭാ ഗങ്ങളിൽ നിന്ന് 25പേർ വീതം കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം ആണ് രൂപീകരിക്കുക എന്നതാണ് ആശയമെന്നും വിഷയത്തിൽ ചർച്ചകളും വിപുലീകരണവും ആവശ്യമാണെന്നും ഇതിനായി കായിക പ്രേമികളുമായും വിദഗ്ദരുമായും ചർച്ച നടത്തുമെന്നും മേയർ പറഞ്ഞു.

ഇത്തരം ഒരു പദ്ധതിയെ വിവാദത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കി

- Advertisment -

Most Popular

- Advertisement -

Recent Comments