കടയാറ്റ് മന…. 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ നിലനിൽക്കുന്ന കൊല്ലം ജില്ലയിൽ കണ്ടറയ്ക്ക് സമീപം മുളവന എന്ന സ്ഥലത്തുള്ള ഒരു തറവാട്.വലിയ പോറ്റി ഉണ്ണിത്താൻ കടയാറ്റ് കടുംബത്തിലെ കാരണവർ. തികച്ചും ദേവീ ഭക്തനായിരുന്ന അദ്ദേഹം ദേവീ സന്നിധിയിൽ തന്നെയായിരുന്നു കഴിഞ്ഞു കൂടിയിരുന്നത്.കടയാറ്റ് കുടുബത്തിന് കളരി വളപ്പിൽ കാണുന്ന കെട്ടിങ്ങൾ ഇന്ന് കാലം ഏൽപ്പിച്ച പോറലുകളിൽ അനാഥത്വം പേറി നിൽക്കുന്നു.ഒരു കാലഘട്ടത്തിന്റെ വിസ്മയങ്ങളിൽ കടയാറ്റ് മന നിറഞ്ഞു നിന്നപ്പോൾ, പ്രൗഢിയുടെയും പ്രഭാവത്തിന്റെയും പ്രതിരൂപമായി മന ചരിത്രത്തിന്റെ ഏടുകളിൽ വേറിട്ടു നിൽക്കുന്നു.
കൊച്ചു കളരിയായി അറിയപ്പെടുന്ന ഭാഗങ്ങളിൽ വടക്കതും കിഴക്കതും തെക്കതും നടുമുറ്റവുമായി മറ്റ് കെട്ടിടങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
മന്ത്രതന്ത്ര വിദ്യകളിൽ അപാര പണ്ഡിതനായിരുന്ന കടയാറ്റ് വലിയ പോറ്റി ഉണ്ണിത്താൻ അതിശയിപ്പിക്കുന്ന കഥകളിൽ നിറഞ്ഞു നിൽക്കുന്നു..
തിരുവിതാംകൂറിന് കടം ഏറ്റപ്പോൾ കടം വീട്ടാൻ മാന്ത്രികവും താന്ത്രികവുമായ വിദ്യകൾ കാട്ടിക്കൊണ്ട് വലിയ പോറ്റി ഉണ്ണിത്താൻ മഹാരാജാവിന്റെ മാനം രക്ഷിച്ചതിന് പകരമായി ലഭിച്ച സമ്മാനങ്ങളും മറ്റും കടയാറ്റ് മനയെ അനശ്വരമാക്കുന്നു.
പണ്ട് മൈസ്സൂർ രാജകൊട്ടാരത്തിന്റെ നിർദ്ദേശപ്രകാരം കുറേ മന്ത്രവാദികൾ തിരുവനന്തപുരത്ത് എത്തുകയും ജാലവിദ്യകൊണ്ട് ദർഭക്കുളം എന്ന ചിറയിൽ ഒരു വ്യാപാരശാല ഒരുക്കുകയും ചെയ്തു .അതിനു ശേഷം സാധനങ്ങൾ നടന്നുചെന്നു വാങ്ങണമെന്നും, അല്ലെങ്കിൽ തോൽവി സമ്മതിക്കണമെന്നും കൊട്ടാരത്തിൽ അറിയിച്ചു.
ജാലവിദ്യകൊണ്ട് ജലത്തിൽ കൂടി നടക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ എന്ന് രാജദൂതൻമാർ നാനാദിക്കിലും അന്വേഷണം തുടങ്ങി. അങ്ങനെയാണ് കേട്ടുകേൾവിയിലുള്ള കടയാറ്റു മനയിലെ വലിയ പോറ്റി ഉണ്ണിത്താനെ കണ്ടെത്തുന്നത്.
അപാര പണ്ഡിതനായിരുന്ന കടയാറ്റ് വലിയ പോറ്റി രാജദൂതൻമാരോടൊപ്പം രാജധാനിയിലേക്ക് തിരിച്ചു. രാജാവിനെ മുഖം കാണിച്ചപ്പോൾ കടയേറ്റോ ഉണ്ണിത്താനെ? എന്നായിരുന്നു രാജാവ് തിരുമനസു കൊണ്ട് ആദ്യം ചോദിച്ചത്. കൽപ്പിച്ച് അരുളിയാൽ ഏൽക്കാമേ…. എന്നു പറഞ്ഞ് അനുവാദം വാങ്ങി ദർഭ കുളത്തിന് സമീപത്തേക്ക് അദ്ദഹം പോയി. കുറേ കരുത്തോല കൊണ്ടുവന്ന് ഒരു കുതിരയേയും, പനയോല വരുത്തിച്ച് കുറെ വെള്ളിപ്പണവും അദ്ദേഹത്തിന്റെ സിദ്ധി കൊണ്ട് നിർമ്മിച്ചു.
കുതിരയെ വെള്ളത്തിലാക്കിയപ്പോൾ അത് നീന്തി തുടങ്ങി.സഞ്ചിയിൽ കെട്ടിയ വെള്ളിപ്പണവുമായി അദ്ദേഹം കുതിരപ്പുറത്തു കയറി വെളത്തിൽ കൂടിസാധനങ്ങൾ വാങ്ങാൻ വാണിഭശാലയുടെ സമീപത്തേക്കടുത്തു. അടുക്കും തോറും വ്യാപാരശാലയും കച്ചവടക്കാരും ജലത്തിൽ താഴാൻ തുടങ്ങി. നിവൃത്തിയില്ലാതെ വന്നപ്പോൾ അവർ വലിയ പോറ്റി അങ്ങുന്നിനെ പ്രാർത്ഥിക്കാൻ തുടങ്ങി.
സമസ്താപരാധവും പൊറുക്കണമെന്ന് കേണപേക്ഷിച്ചു. ദയാനിധിയായ അദ്ദേഹം അവരെ രക്ഷിച്ച് തിരുമുമ്പിൽ ഹാജരാക്കി.സംതൃപ്തനായ മഹാരാജാവ് വിദേശികൾക്ക് താക്കീത് നൽകുകയും, വലിയ പോറ്റി അണ്ടുന്നിന് ധാരാളം സ്ഥാനമാനങ്ങളും കരമൊഴിവായി വസ്തുക്കളും അനുവദിച്ചു കൊടുക്കുകയും ചെയ്തു.
.
കടയാറ്റ് വക സ്വത്തുക്കൾക്ക് രാജഭരണം നില നിന്ന കാലം വരെ കരം ഒഴിവായിരുന്നു എന്ന് പറയപ്പെടുന്നു.