ചിദംബരത്തിനെതിരെ തെളിവുകളെവിടെ ? സ്വാതന്ത്ര്യ നിഷേധം മാത്രമാണ് അറസ്റ്റ് ചെയ്തവരുടെ ഉദ്ദേശം; ‘ദ ഹിന്ദു’ പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍.റാം
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തോടു കാട്ടിയത് പൈശാചികമായ അനീതിയെന്ന് ദ ഹിന്ദു പബ്ലിക്കേഷന്‍സിന്റെ ചെയര്‍മാന്‍ എന്‍. റാം. കൊലപാതക കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും മൊഴികളല്ലാതെ മറ്റൊരു തെളിവും ചിദംബരത്തിനെതിരെയില്ലെന്നും റാം പറഞ്ഞു. ഇവിടെ നടന്നത് സ്വാതന്ത്ര്യ നിഷേധം മാത്രമാണ് . കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും അപകടത്തിലല്ല. ഒന്നും ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ല. സാക്ഷികള്‍ക്കു ഭീഷണിയുമില്ല. എല്ലാ അര്‍ഥത്തിലും നീതിക്കു തന്നെ ഇതൊരു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിനു സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമാണ് ഈ അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യം. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഉന്നത കോടതികള്‍ വരെ ഇതില്‍ ഇരകളായി.’- ചിദംബരത്തിന്റെ അറസ്റ്റ് അപലപിക്കാന്‍ ചേര്‍ന്ന തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് റാം പറഞ്ഞു.
‘ദല്‍ഹി ഹൈക്കോടതിയുടെ പ്രതികരണം ശക്തമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട. ഫലത്തില്‍ കോടതി പ്രോസിക്യൂഷന്റെ കേസ് എടുക്കുക മാത്രമാണു ചെയ്തത്. ഏഴുമാസത്തേക്ക് വിധി മാറ്റിവെച്ചു. ജഡ്ജി വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ചിദംബരത്തിന് അപ്പീല്‍ പോകാനാവാത്ത വിധം വിധി വന്നു.’- അദ്ദേഹം പറഞ്ഞു.
ജസ്റ്റിസുമാരായ ഭാനുമതിയും ബൊപ്പണ്ണയും നടത്തിയ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ ഒട്ടേറെ വസ്തുതാപരമായ പിശകുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നാണ് അതില്‍ പറഞ്ഞത്. അതു പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ റിവ്യൂ ഹര്‍ജി കേസില്‍ നല്‍കണമെന്നും റാം പറഞ്ഞു.