രാജ്യം നടുങ്ങിയ മദ്ധ്യപ്രദേശ് ഹണിട്രാപ്പിലെ സൂത്രധാരിയുടെ ഡയറി പോലീസ് കണ്ടെടുത്തു. നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഡയറിയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്തത്. ഡയറിയില്‍ നിറയെ രാഷ്ട്രീയത്തിലെ ഉന്നതര്‍, എം.പിമാര്‍, മുന്‍ മന്ത്രിമാര്‍ എന്നിവരുടെ പേരാണ് കുറിച്ചുവെച്ചിരിക്കുന്നത്. ഇതിനു പുറമെ ഇവരുടെ ഫോണ്‍ നമ്പറുകളും ഡയറിയിലുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ ഉന്നത പദവി അലങ്കരിക്കുന്ന പ്രമുഖ വ്യക്തിയുടെ പേരും ഡയറിയിലുണ്ട്. ഇവരൊക്കെ ഇവരുടെ തട്ടിപ്പിന് ഇരയായവര്‍ എന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. രാത്രികളില്‍ ഇവരുടെ നമ്പറിലേക്ക് യുവതി വിളിച്ച നമ്പറും പോലീസ് പരിശോധിക്കുന്നുണ്ട്. പല നമ്പറുകളില്‍ നിന്നാണ് ഇവരെ യുവതി ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനു പുറമെ
ഭോപ്പാലിലെ റിവേറയിലെ യുവതിയുടെ വീട്ടില്‍ നിന്നും കൂടുതല്‍ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ടെത്തിയ വിവരങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
അന്വേഷണ സംഘത്തിന്റെ തലവനായ സഞ്ജീവ് ഷമിയെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. സൈബര്‍ സെല്‍ പ്രത്യേക ഡയറക്ടര്‍ ജനറലായ രാജേന്ദ്ര കുമാറിനെയാണ് ഇപ്പോള്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം ആരംഭിച്ച് 9 ദിവസം പിന്നിടുമ്പോള്‍ ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടക്കുന്നത്.
വര്‍ഷങ്ങളായി മദ്ധ്യപ്രദേശില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ശ്വേതാ സ്വപ്ന ജെയിന്‍, ആരതി ദയാല്‍ തുടങ്ങി നിരവധി യുവതികള്‍ കേസില്‍ പിടിയിലായിരുന്നു.