സാമ്പത്തിക പ്രതിസന്ധി ബാധിച്ച സര്‍ക്കാര്‍ അതു മറികടക്കാന്‍ സ്വീകരിച്ച നടപടി വിവാദമാകുന്നു. പഴയ വാറ്റ് നികുതിയുടെ പേരില്‍ കേരളത്തിലെ അരലക്ഷത്തോളം വരുന്ന വ്യാപാരികള്‍ക്ക് കോടികണക്കിന് രൂപയുടെ പ്രീ അസസ്‌മെന്റ് നോട്ടീസ് അയച്ച സര്‍ക്കാര്‍ നടപടിയാണ് ഇപ്പോള്‍ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ജി.എസ്.ടി നിലവില്‍ വരുന്നതുവരെ നിലനിന്നിരുന്ന വാറ്റ് നികുതിയുടെ പേരിലാണ് ലക്ഷങ്ങളും കോടികളും അടയ്ക്കാനായി നോട്ടീസും സമന്‍സും അയച്ചിരിക്കുന്നത്. വാറ്റ് നികുതി നിലനിന്നിരുന്ന കാലത്തെ ഒരുവര്‍ഷത്തില്‍ 500 കോടിയുടെ നികുതി വെട്ടിപ്പ് നടന്നു എന്ന് അനുമാനിച്ചാണ് ഇത്രയധികംപേര്‍ക്ക് പൊടുന്നനെ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് മാത്രം 8000 കോടി രൂപയുടെ നഷ്ടം സംഭവിച്ച തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു നയാപൈസ പോലും കിട്ടിയിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ നല്‍കിയ പ്രീ അസസ്മെന്റ് നോട്ടീസിനെതിരെ സമര മാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. മുമ്പുള്ള പ്രീ അസസ്മെന്റ് നോട്ടീസിന് മറുപടി നല്‍കി നടപടികള്‍ ഉപേക്ഷിച്ച കേസുകളിലും ഇപ്പോള്‍ വീണ്ടും നോട്ടീസ് അയച്ചതു കൂടുതല്‍ വിവാദത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്.