ഹരിയാനയില്‍ കേവല ഭൂരിപക്ഷം നഷ്ടമായതിന്റെ തീവ്രവേദനയിലാണ് ബിജെപി. ദേശീയതയും രാജ്യസുരക്ഷയും ഉള്‍പ്പെട്ട വിഷയങ്ങള്‍ ആയുധമാക്കി പ്രചരണം നടത്തിയിട്ടും ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്കായില്ല. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടീരുന്നത് 46 സീറ്റുകളായിരുന്നു. ഇത് ഭരണകക്ഷിയായ തങ്ങള്‍ക്ക് ലഭിക്കാതിരുന്നത് ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് ബിജെപിയെ തള്ളിയിട്ടിരിക്കുകയാണ്.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് ഹരിയാനയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നത്.
മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നവര്‍ക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്ന് ജെ.ജെ.പി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ആ വഴിക്കും ബി.ജെ.പി ശ്രമം ശക്തമാക്കുന്നുണ്ട്. എന്നാല്‍,ബി.ജെ.പിയുമായി സഖ്യത്തിനൊരുക്കമല്ലെന്നാണ് ജെ.ജെ.പിയുടെ നിലപാട്. അതേസമയം, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതവുമായ ഭൂപീന്ദര്‍ ഹൂഡയുടെ അപ്രതീക്ഷിത വിജയം കോണ്‍ഗ്രസിന് നേട്ടമായിട്ടുണ്ട്. തനിക്ക് നേരത്തേ സമയം തന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചേനെ എന്നാണ് ഭൂപീന്ദര്‍ ഹൂഡ പറയുന്നത്.
11 മാസങ്ങള്‍ക്ക് മുമ്പ് രൂപികരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയാണ് ഹരിയാനയില്‍ കിംഗ് മേക്കറായിരിക്കുന്നത്. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റിനിറുത്താന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കര്‍ഷകദുരിതവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് വ്യക്തം. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ തളര്‍ത്തിയതും ഈ വിഷയങ്ങള്‍ തന്നെ.