വര്‍ഗ്ഗീയ ലഹളയെ തുടര്‍ന്ന് മൂന്ന് ദിവസമായി അശാന്തിയിലായിരുന്ന രാജ്യ തലസ്ഥാനമായ ഡല്‍ഹി വീണ്ടും ശാന്തമാകുന്നു. അശാന്തിയില്‍ ആര്‍പ്പു വിളിച്ച നഗരം അര്‍ദ്ധ സൈനിക വിഭാഗവും ഡല്‍ഹി പോലീസും ഇന്തോ-ടിബറ്റന്‍ സേനയും പിടിമുറുക്കിയതോടെ അക്രമകാരികള്‍ അരങ്ങൊഴിഞ്ഞ് അപ്രത്യക്ഷമായി. അക്രമബാധിത പ്രദേശമായ മൗജ് പൂരിലും സ്ഥിതി ഗതികള്‍ ശാന്തമാണ്. കമ്പി വടിയും കല്ലും തോക്കുമുള്‍പ്പടെ മാരകായുധങ്ങളുമായി പോലീസിനെ നേരിട്ട അക്രമകാരികള്‍ ഡല്‍ഹി കലാപ കളമാക്കുമെന്നുറപ്പായതോടെ സുരക്ഷയും പ്രതിരോധവും ശക്തമാക്കുകയായിരുന്നു. അതേസമയം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 കഴിഞ്ഞു. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സമാധാനം പുന:സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ എത്തിയതെന്നും അജിത് ഡോവല്‍ പറഞ്ഞു. ഡോവിലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കൂടുതല്‍ പോലീസിനെ അക്രമം നടന്ന സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.