കുടുംബം പുലര്‍ത്തണം എന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോ മലയാളിയും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നത്. എന്നാല്‍ അവിടെ എത്തിയാല്‍ ഉള്ള കഷ്ടപ്പാടുകളൊക്കെ ആരും പുറത്തറിയിക്കാറില്ല. ഇത്തരത്തില്‍ ജോലി തേടി മലേഷ്യയില്‍ എത്തി ക്രൂര പീഡനത്തിന് ഇരയാകേണ്ടി വന്ന മലയാളിയാണ് ഹരിദാസ്. ശമ്പള കുടിശ്ശിക ചോദിച്ച കുറ്റത്തിനാണ് തൊഴിലുടമ ഹരിദാസിന്റെ ശരീരത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ചത്. 30,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഹരിദാസിനെ തൊഴിലുടമ മലേഷ്യയിലെത്തിച്ചത്. എന്നാല്‍ ഇതിന്റെ പകുതി ശമ്പളം മാത്രമാണ് ഇദ്ദേഹത്തിന് നല്‍കിയിരുന്നത്.
എന്നാല്‍ 7 മാസമായി ശമ്പളം നല്‍കിയിരുന്നില്ലെന്നും ഫോണിലൂടെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഹരിദാസ് തന്നെ പറയുന്നു. പൊള്ളലേറ്റ വിവരം ഞയറാഴ്ച വൈകുന്നേരമാണ് ഹരിദാസ് വീട്ടുകാരോട് പറയുന്നത്. പിന്നീട് ഹരിദാസിനൊപ്പം ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടുകാരാണ് പൊള്ളലേറ്റ ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ കുടുംബത്തിന് അയച്ചു കൊടുക്കുന്നത്. തുടര്‍ന്ന് തന്റെ ഭര്‍ത്താവിനെ എത്രയും പെട്ടെന്ന് നാട്ടില്‍ തിരികെ എത്തിക്കണമെന്ന് ഹരിദാസിന്റെ ഭാര്യ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവം അറിഞ്ഞ് മലയാളി അസോസിയേഷന്‍ ബന്ധപ്പെട്ട് എംബസിയുടെ സഹായത്തോടെ ഇന്നലെ രാത്രി ഹരിദാസിനെ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. പുലര്‍ച്ചെ ചെന്നൈയില്‍ എത്തിയ വീട്ടിലേക്ക് തിരിച്ചതായി ഹരിദാസിന്റെ ഭാര്യ പറഞ്ഞു.
