കൊറോണ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ച് വിദേശികള്‍ പൊങ്കാലയിടാന്‍ എത്തിയ സംഭവത്തില്‍ റിസോര്‍ട്ടുകാര്‍ക്കെതിരെ നപടി. കേരളത്തിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത റിസോര്‍ട്ടു ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും ആറ് പേരടങ്ങുന്ന സംഘമാണ് പൊങ്കാലക്കായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ സംഘത്തെ തിരിച്ചയച്ചതായി മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഇത്തരം ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
അതേസമയം, പൊങ്കാലക്കായി എത്തിയ വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്നും പുറത്ത് പോകരുതെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു.
എന്നാല്‍ , വിദേശികള്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.
പനി, ചുമ, ശ്വാസതടസം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാന്‍ വന്നവരും മാറിനില്‍ക്കണമെന്നും നിര്‍േേദശം ആരോഗ്യവകുപ്പ് നല്‍കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം അഞ്ചില്‍ നിന്നും ആറിലേക്കെത്തി. കൊച്ചിയില്‍ പത്തനംതിട്ട സ്വദേശിയായ മൂന്നു വയസുള്ള കുട്ടിക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്നു മാതാപിതാക്കളോടൊപ്പം കൊച്ചിയിലെത്തിയതാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.