27.8 C
Kollam
Thursday, November 21, 2024
HomeRegionalCulturalകൊല്ലം ശ്രീ പുതിയകാവ് പൊങ്കാല ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു; കോവിഡ് മാനദണ്ഡമാക്കി സായൂജ്യത്തിന്റെ ആത്മ നിർവൃതി കൈവരുത്തി

കൊല്ലം ശ്രീ പുതിയകാവ് പൊങ്കാല ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു; കോവിഡ് മാനദണ്ഡമാക്കി സായൂജ്യത്തിന്റെ ആത്മ നിർവൃതി കൈവരുത്തി

കൊല്ലം ശ്രീ പുതിയ കാവ് ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇക്കറി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമാക്കി ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.
കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് സായൂജ്യത്തിന്റെ ആത്മ നിർവൃതി കൈവരുത്തിയത്.
സാക്ഷാത്ക്കാരത്തിന്റെയും സർവ്വ ഐശ്വര്യത്തിന്റെയും പ്രതീകമാണ് ശ്രീ പുതിയകാവിലമ്മ.
എല്ലാ ദുഃഖങ്ങളും അമ്മയിൽ അർപ്പിക്കുമ്പോൾ ഏതൊരു ഭക്തനും അല്ലെങ്കിൽ, ഭക്തക്കും ആത്മ നിർവൃതിയും അനുഭൂതിയുമാണ് ലഭിക്കുന്നത്. അമ്മയുടെ ദർശനം സായൂജ്യത്തിന്റെ നിർവൃതിയാണ് പകരുന്നത്.
മാതൃ വാർത്സല്യത്തിന്റെ ആർദ്രതയായി പെയ്തിറങ്ങി കരുണാമൃതം ചൊരിയുന്ന നിജ സുഖദായിനിയാണ് അമ്മ.
ഭക്ത ഹൃദയങ്ങളിലെ സങ്കല്പ ശക്തിയും വിശ്വാസവും അമ്മയിൽ അർപ്പിതമാകുമ്പോൾ പരിഹാരത്തിന്റെയും ഉദ്ദിഷ്ട ലബ്ദിയുടെയും ഫലപ്രാപ്തി കൈവരിക്കുന്നു.
അമ്മയുടെ ദർശനങ്ങൾ എല്ലാ ജീവാ ജാലങ്ങൾക്കും ചരാചരങ്ങൾക്കും ഉത്കൃഷ്ടമാണ്. അത് ആനന്ദദായകമാണ്. അനുഭൂതിയാണ്.
അമ്മയുടെ പ്രീതിക്കായി അർപ്പിക്കുന്ന നൈവേദ്യങ്ങളിൽ ഏറ്റവും പ്രധാനമാണ് പൊങ്കാല.
വൃത ശുദ്ധിയോടെയാണ് പൊങ്കാല അർപ്പിക്കുന്നത്.
ദ്വാദശാഹ വൃതത്തോടെയാണ് പൊങ്കാല.
പൊങ്കാലയെന്നാൽ ഐശ്വര്യം, സമൃദ്ധി എന്നിങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു. അതിന്റെ അർത്ഥമാനങ്ങൾ ഭക്തരിൽ ഊട്ടിയുറപ്പിച്ച വിശ്വാസത്തിന്റെ ദർശനങ്ങളായി ഭവിക്കുന്നു.
ക്ഷേത്രം മേൽശാന്തി ഇടമന ഇല്ലത്ത് ബാലമുരളി ശ്രീകോവിലിൽ നിന്ന് ദീപം കൊളുത്തി പണ്ടാര അടുപ്പിലേക്ക് പകർന്നു. ഇക്കുറി ആചാരങ്ങളിൽ മാത്രം ചടങ്ങുകൾ ഒതുങ്ങിയതോടെ ദേശിംഗനാടിനെ ഒരു യാഗശാലയാക്കാൻ എത്തിയില്ലെങ്കിലും ഭക്തരുടെ ഹൃദയത്തിൽ അതിന്റെ അലക സ്വഗൃഹങ്ങളിൽ സന്നിവേശിപ്പിക്കാൻ അവസരം ഒരുക്കുകയായിരുന്നു.
അത്തരത്തിൽ പുതിയകാവിലമ്മയുടെ വിശ്വാസ ദർശനങ്ങൾ അവിസ്മരണീയമാക്കാൻ ആത്മ സഹർഷത്തോടെ ഭക്ത ജനങ്ങൾ ജാഗരൂഗരായിരുന്നു.
ദൈവ സങ്കല്പം മഹത്തരമാണ്. വിശ്വാസത്തിൽ അടിയുറച്ച പ്രമാണങ്ങൾ ഓരോ ഭക്തരിലും തീഷ്ണമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാകുമ്പോൾ അത് സായൂജ്യത്തിന്റെയും ആത്മീയതയുടെയും പരിവേഷമാണ് സ്വായത്തമാക്കുന്നത്.
കരുണാമയിയായ അമ്മയുടെ വിശ്വദർശനങ്ങൾ മാനവികതയുടെ ചൈതന്യ ഭാവത്തെയാണ് ഉണർത്തുന്നത്. മനസിനെയും ശരീരത്തെയും പരിപാവനമാക്കാൻ പൊങ്കാലയെന്ന സമർപ്പണത്തിന് സാദ്ധ്യമാകുമ്പോൾ അതിന്റെ വിശുദ്ധി ഏതു ഭക്തരിലും സായൂജ്യത്തിന്റെ മഹിമയാണ് പ്രദാനം ചെയ്യുന്നത്.
കഠിന വേദന പോലും വേദനയല്ലാതാവുന്ന ഒരു അവസ്ഥയാണ് മഞ്ഞനീരാട്ടിലൂടെ അനുഭവവേദ്യമാകുന്നത്. ഉയർന്ന താപവും സുഖ ശീതളമായി മാറുകയാണ്.
ദൈവ സങ്കല്പത്തിന്റെ അദൃശ്യമായ ഭാവങ്ങൾ തീഷ്ണമാകുന്നത് ഇത്തരം ആചാരത്തിൽ അധിഷ്ഠിതമാകുമ്പോഴാണ്.
ഒരു ദു:ഖവും ദു:ഖമല്ലാതാകുന്നു. മനസിന്റെ സാന്ത്വനവും സഹിഷ്ണതയും എല്ലാം ഇവിടെ ഈ ചടങ്ങിലൂടെ സ്വാംശീകരിക്കാൻ കഴിയുന്നത് ദേവീ മാഹാത്മ്യത്തിന്റെ തീഷ്ണമായ, ബലിഷ്ഠമായ ദർശനങ്ങൾ കൊണ്ടാണ്.
ഭദ്രകാളീ ഭാവത്തിലാണ് പുതിയ കാവിലമ്മ കുടികൊള്ളുന്നത്. യോഗീശ്വരൻ, നാഗങ്ങൾ, നവഗ്രഹങ്ങൾ, ശിവൻ, ശാസ്താവ്, ഗണപതി, ദുർഗ എന്നിവരാണ് ഉപദേവതകൾ.
സൂര്യ തേജസിനെ തന്നിലേക്ക് ആവഹിച്ച് തന്നെ പൂർണ്ണമായി ദേവിക്ക് സമർപ്പിക്കുന്ന ലഘു തപസാണ് ഈ ചടങ്ങ്. സ്വയം സമർപ്പണം എന്ന നിലയിലാണ് പുത്തൻ മൺകലം പൊങ്കാലയ്ക്ക് ഉപയോഗിക്കുന്നത്.
മുന്നിലും പിന്നിലും വശങ്ങളിലും ആകാശത്തിലും ജ്വലിക്കുന്ന അഗ്നിക്ക് നടുവിൽ നിന്നുകൊണ്ടുള്ള പൊങ്കാല പഞ്ചാഗ്നി മദ്ധ്യത്തിലെ തപസാണ്. ആയിരമായിരം ഏകാഗ്ര മനസുകൾ ഒന്നു ചേർന്ന് ഒരു ദേവിയെ തന്നെ ലക്ഷ്യമാക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അമൂർത്ത ചൈതന്യം അനിർവചനീയമാണ്.
സമഷ്ടിയിലുള്ള തപസിന്റെ ഫലം വ്യക്തിക്കു മാത്രമല്ല; സമൂഹത്തിനാകമാനം ആത്മ സൗഖ്യം നല്കുന്നു.
മൺകലം ശരീരവും നിവേദ്യം മനസുമായാണ് സങ്കല്പിക്കപ്പെടുന്നത്.
പൊങ്കാലയിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റ പ്രാണമനോമയ കോശങ്ങളുടെ രസാംശത്തെ ദേവിയിൽ ആഹൂതി ചെയ്യപ്പെടുന്നു.
ശരീരമാകുന്ന മൺകലത്തിൽ ജ്ഞാനമാകുന്ന അരിമണികൾ സത്ചിന്തകളോടെ തിളച്ചു മറിയുന്നു. പൊങ്കാല നൈവേദ്യം പൂർണ്ണമായതോടെ ക്ഷേത്ര പൂജാരിമാർ വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാലങ്ങളിൽ തീർത്ഥം തളിച്ച് ദേവിക്ക് നിവേദിച്ചു.
ഇതോടെ ദേവിക്ക് പൊങ്കാലയർപ്പിച്ച ഭക്തജനങ്ങൾ സായൂജ്യത്തിന്റെയും നിർവൃതിയുടെയും ഉച്ചസ്ഥായിയിൽ സ്വയമേ ലയിച്ച്, അഭീഷ്ടസിദ്ധിയും ഉപരി, തേജോമയിയായ അമ്മയുടെ സാന്നിദ്ധ്യവും സാക്ഷാത്ക്കാരവും നേടി, മനസിലുറച്ച വിശ്വാസവുമായി, വരും വർഷത്തെ പൊങ്കാല സമർപ്പണത്തിനായുള്ള കാത്തിരിപ്പോടെ മടങ്ങുകയാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments