കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡ് ബാധിച്ച് തങ്ങളുടെ 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ദിവസവും ആയിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായും അദ്ദേഹം അറിയിച്ചു.
റെയില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചും കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനിടയിലും ഡ്യൂട്ടി നിര്‍വഹിച്ച് വൈറസ് ബാധയേറ്റ് മരിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കഴിഞ്ഞയാഴ്ച്ച കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു .