27.1 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ

കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ

കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം

പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ.
രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ അവശിഷ്ടങ്ങൾ ചെറിയ ക്ഷേത്രങ്ങളായി നില്ക്കുന്നു. അവ കൊട്ടാരക്കുളം ഗണപതീ ക്ഷേത്രവും ബൻസിഗർ ആശുപത്രിയ്ക്ക് സമീപമുള്ള കോതേശ്വരം ക്ഷേത്രവുമാണ്. മറ്റൊന്ന് ചിറ്റടീശ്വരം ക്ഷേത്രം. അത് താമരക്കുളത്ത് സ്ഥിതി ചെയ്യുന്നു.

ഇന്നത്തെ കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു കപാലേശ്വര ക്ഷേത്രം എന്ന് കരുതിപ്പോരുന്നു. അതിന് ഉപോദ്ബലകമായ ഒരു രേഖയും ഇല്ല.
മുനിസിപ്പൽ ലൈബ്രറിക്ക് എതിരെയുള്ള പ്രശസ്ത അഭിഭാഷകനായിരുന്ന ചെങ്കോട്ട രാമയ്യരുടെ പഴയ രീതിയിൽ കാണുന്ന കെട്ടിടവും വിശാലമായ പറമ്പും കൊട്ടാരക്കുളം ക്ഷേത്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്.

ചെങ്കോട്ട രാമയ്യരുടെ ഇന്നത്തെ അവസ്ഥയിലുള്ള കെട്ടിടം

ആ കെട്ടിടത്തിന്റെ പറമ്പിലുണ്ടായിരുന്ന ഒരു കുളത്തിൽ നിന്നും രാമയ്യർ വക്കീലിന്റെ ഭാര്യ കണ്ടെടുത്ത വിഗ്രഹം കൊട്ടാരക്കുളത്തിന്റെ കരയിൽ സ്ഥാപിച്ചു. അത് ഒരു ആലയമായി. അവർ സംരക്ഷിച്ച് വന്ന ഈ ആലയം രൂപാന്തരം പ്രാപിച്ചാണ് കൊട്ടാരക്കുളം ഗണപതി ക്ഷേത്രമായത്.

 കൊട്ടാരക്കുളം ഗണപതി ക്ഷേത്രം
കൊട്ടാരക്കുളം ഗണപതി ക്ഷേത്രം

ധർമ്മ സത്രം ആരംഭിക്കുന്നു

ചെങ്കോട്ട രാമയ്യർ വക കെട്ടിടവും സ്ഥലങ്ങളും അനന്തരാവകാശികൾ വിറ്റ് ചെങ്കോട്ടയ്ക്ക് പോയപ്പോൾ സമ്പന്നരായ അവർ ഇവിടെയുള്ള സാധുക്കളായ ബ്രാഹ്മണരുടെ സഹായത്തിനായി ഒരു ധർമ്മ സത്രം തുടങ്ങി. അതിനായി ഒരു ട്രസ്റ്റുമുണ്ട്. അന്നദാനവും നടത്തി വന്നിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ ചുമതല തമിഴ് ബ്രാഹ്മണർ ഏറ്റെടുത്തു. ക്ഷേത്രത്തിൽ വിശ്വാസവും വരുമാനവും വർദ്ധിച്ചു. ക്ഷേത്രം വളർച്ച പ്രാപിച്ചതോടെ ഇവിടെയുള്ള ബ്രാഹ്മണർ വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ സംഘടനയുണ്ടാക്കി അതിന്റെ ഉടമസ്ഥാവകാശികളായി. പിന്നീട്, കൊട്ടാരക്കുളത്തിന്റെ കുറെയെറെ ഭാഗങ്ങൾ നികത്തി ക്ഷേത്രം വലുതാക്കി.

കൊട്ടാരക്കുളം ഭാഗം നികത്തി ക്ഷേത്രം വലുതാക്കിയത്

ഇപ്പോൾ നല്ല നിലയിൽ കാര്യങ്ങൾ നടന്നു വരുന്നു.
കൊല്ലം നഗരത്തിൽ പൊതുവെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രമായി ഇത് മാറിക്കഴിഞ്ഞു.
എന്നാൽ, ചരിത്രപരമായി കപാലേശ്വരം ശിവ ക്ഷേത്രത്തിന്റെ തുടർച്ചയെന്ന് വിശ്വസിക്കുന്ന ക്ഷേത്രത്തിന് ഇതുമായി ബന്ധമില്ലെന്ന് വസ്തുതയായി നില്ക്കുന്നു.
” കൊല്ലം ഗണപതി നട ശാസന”ത്തിന്റെ കേന്ദ്രമായ ക്ഷേത്രം പുകയില പണ്ടകശാലയ്ക്ക് സമീപമുള്ള ഗണപതി ക്ഷേത്രമാണെന്ന് കരുതുന്നു.

പണ്ടകശാലയ്ക്ക് സമീപത്തെ ഗണപതി ക്ഷേത്രം

കരിങ്കല്ലിൽ നിർമ്മിച്ച പ്രാചീന ക്ഷേത്രമായ ഇതിലാണ് ” കൊല്ലം ഗണപതി നട ശാസനം ” കൊത്തി വെച്ചിരിക്കുന്നത്.

കൊല്ലവർഷം 671 (A.D 1946 ജൂൺ 22-ാം തീയതി ബുധൻ) ലെ പ്രശസ്ത രേഖയിൽ ജയസിംഹ കേരള വർമ്മൻ എന്ന കൊല്ലം രാജാവാണ് ശാസന കർത്താവ്. അതും ഇപ്പോൾ ഗണപതി നടയായാണ് അറിയപ്പെടുന്നതെങ്കിലും ശാസന രേഖയിൽ നിന്നും വിഷ്ണു ക്ഷേത്രമായിട്ടാണ് കരുതേണ്ടത്.

കരിങ്കല്ലിൽ തീർത്ത ഗണപതി ക്ഷേത്രം

പടയോട്ടത്തിന് ശേഷം രൂപാന്തരം

വിഗ്രഹത്തിൽ അഭിഷേകം നടത്തുന്ന നിത്യ പ്രജ്ഞാന മുനി ഗോവിന്ദനെയാണ് മുഖ്യദേവനായി കാണുന്നത്.
ഏതോ പടയോട്ടത്തിൽ തകർന്ന ശേഷമാകാം ഗണപതി നടയായി രൂപാന്തരം പ്രാപിച്ചത്. നിലവിലെ വിഗ്രഹത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഈ ക്ഷേത്രത്തിന് യാഴ്പ്പാണ ദേശവുമായി ബന്ധമുള്ളതായും ചില കഥകളുണ്ട്.

ഏതായാലും, ചരിത്ര രേഖകളിൽ സ്ഥാനമുള്ള കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം ഇത് തന്നെയാണെന്നതിൽ ഒരു സംശയവും വേണ്ട!

- Advertisment -

Most Popular

- Advertisement -

Recent Comments