ഇത്തവണ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സിപിഐഎം. ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടിയുടെ നേത്യത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സിപിഐയുമായി ചേര്‍ന്നായിരിക്കും പരിപാടി സംഘടിപ്പിക്കുക. ആഗസ്റ്റ് 15 ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ജിഎസ്ടി വര്‍ധനയ്‌ക്കെതിരെ സിപിഐഎമ്മിനുള്ള കടുത്ത എതിര്‍പ്പും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നികുതിഘടന മാറ്റുമ്പോള്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല. അരി ഉള്‍പ്പടെയുളള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിടുകയാണെന്നും കോടിയേരി ആഞ്ഞടിച്ചു. കിഫ്ബിയെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബഡ്ജറ്റിന് പുറത്ത് ഒരു വികസനവും നടക്കരുതെന്ന ദുഷ്‌ലാക്ക് കേന്ദ്രത്തിനുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനുള്ള നീക്കങ്ങളെ
നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഇന്നലെയെടുത്ത നിലപാട് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തപ്പോഴാണ് അവര്‍ ഞെട്ടി എഴുന്നേറ്റത്. ഇപ്പോഴങ്കെലും ഇ.ഡിക്കെതിരെ കോണ്‍ഗ്രസ് നിലപാടെടുത്ത് സ്വാഗതാര്‍ഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇ പി ജയരാജനെ വിലക്കിയ ഇന്‍ഡിഗോയുടേത് ദൗര്‍ഭാഗ്യകരമായ നടപടിയാണെന്നും കോടിയേരി പറഞ്ഞു.
മാധ്യമം പത്രത്തിനെതിരായ നിലപാട് സിപിഐഎമ്മിനില്ലെന്ന് കോടിയേരി വ്യക്തമാക്കി. എംഎല്‍എമാര്‍ എഴുതുന്ന കത്ത് പാര്‍ട്ടിയുടെ അറിവോടെയല്ലല്ലോ എന്ന് ചോദിച്ച കോടിയേരി മാധ്യമം വിലക്കണമെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും വ്യക്തമാക്കി.