ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ദീപശിഖ പ്രയാണം തിരുവനന്തപുരത്തെത്തി. തൃശൂരില്‍ നിന്ന് റോഡ് മാര്‍ഗം എത്തിയ ദീപശിഖ റാലിക്ക് തലസ്ഥാന നഗരിയിലും വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. ഇന്നുരാവിലെ 9ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു, കലക്ടര്‍ നവജ്യോത് ഖോസ എന്നിവര്‍ ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നന് ദീപം കൈമാറി.68 നഗരങ്ങളിലെ പ്രയാണത്തിന് ശേഷമാണ് ദീപശിഖ തിരുവനന്തപുരത്തെത്തിയത്.
വ്യാഴാഴ്ച തൃശൂര്‍ മരോട്ടിച്ചാലിലെ ജൂബിലി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ കലക്ടര്‍ ഹരിത വി നായര്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നന് ദീപശിഖ കൈമാറിയിരുന്നു. സംസ്ഥാനത്ത് തൃശൂരിലും തിരുവനന്തപുരത്തുമാണ് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ റാലി ഒരുക്കിയിരുന്നത്. ഇതോടെ കേരളത്തിലെ ദീപശിഖ പ്രയാണം പൂര്‍ത്തിയായി.
ഇന്ന് തിരുപ്പതിയിലാണ് ദീപശിഖാ പ്രയാണം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്ന വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാവി താരങ്ങള്‍ക്കെതിരേ ഒരേ സമയം ചെസ് കളിച്ചു. സാംസ്‌കാരിക പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന കായിക, യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ചെസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.ചെസ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജേഷ് ആര്‍, ജോ.സെക്രട്ടറി രാജേന്ദ്രന്‍ ആചാരി, നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലി സബ്രീന്‍, എന്‍.എല്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ.ജി കിഷോര്‍, എന്‍.എസ്.എസ് മേഖലാ ഡയറക്ടര്‍ ജി.ശ്രീധര്‍ സംസാരിച്ചു. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റ്, നെഹ്‌റു യുവ കേന്ദ്ര, ചെസ് അസോസിയേഷന്‍ കേരള, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ലക്ഷ്മിബായി നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങുകള്‍.
നൂറ് വര്‍ഷത്തെ ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലോക ചെസ് സംഘടനയായ ഫിഡെ, ഒളിമ്പ്യാഡ് ദീപശിഖയുടെ പാരമ്പര്യം അവതരിപ്പിക്കുന്നത്. കായികമത്സരങ്ങളെ കുറിച്ചും, പ്രത്യേകിച്ച് ചെസിനെ കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 75 ഇന്ത്യന്‍ നഗരങ്ങളിലൂടെ സഞ്ചരിച്ച ശേഷം, ചെസ് ഒളിമ്പ്യാഡിനായി 27നാണ് ദീപശിഖ ചെന്നൈയിലെത്തുക. ജൂണ്‍ 19ന് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദീപശിഖ റാലി ഫ്‌ളാഗ്ഓഫ് ചെയ്തത്. ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ദോര്‍കോവിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ദീപശിഖ കൈമാറിയത്. പ്രധാനമന്ത്രി അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനും ദീപശിഖ കൈമാറി.28 മുതല്‍ ഓഗസ്റ്റ് 9 വരെ മഹാബലിപുരത്തെ ഫോര്‍ പോയിന്റ് ബൈ ഷെറാട്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഒളിമ്പ്യാഡില്‍ ഇത്തവണ 187 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പങ്കാളിത്ത ടീമുകളുടെ എണ്ണത്തില്‍ ഇത് സര്‍വകാല റെക്കോഡാണ്.