തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗില്‍ നടപടിയെടുക്കുന്നില്ലന്നാരോപിച്ച് പരാതി ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.എന്നാല്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണെന്നും ചെറിയ സംഭവത്തെ പെരുപ്പിച്ചു കാണിച്ചെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആക്ഷേപം.5, 6 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങള്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയില്‍ പറയുന്നു.
ഇതിനു പിന്നാലെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയിരുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു.
ആരോപണ വിധേയരായ കുട്ടികള്‍ 18 വയസ്സിന് താഴെയുള്ളവരായതിനാല്‍ കേസെടുക്കാന്‍ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതിയില്‍ സ്‌കൂളിലെത്തി വിവരശേഖരണം നടത്തിയ ശേഷം റിപ്പോര്‍ട്ട് നല്‍കും. ഒപ്പം മഫ്തിയില്‍ വനിതാ പോലീസിന്റെ സാന്നിധ്യം സ്‌കൂളില്‍ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.