കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിളിച്ച യൂണിയനുകളുടെ ചർച്ച ബഹിഷ്ക്കരിച്ച് പ്രതിപക്ഷ സംഘടന ടിഡിഎഫ്. കെഎസ്ആർടിസിയുടെ സിറ്റി സർവ്വീസുകൾ സ്വിഫ്റ്റിന് നൽകാനാകില്ലെന്ന നിലപാടിലാണ് സംഘടന. ഇക്കാര്യത്തിൽ സ്വിഫ്റ്റിനോട് സഹകരിക്കില്ലെന്നും സിറ്റി സർവീസുകൾ കയ്യടക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ സംഘടന നിലപാടെടുത്തു. സ്വിഫ്റ്റുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധി വന്ന ശേഷം മറ്റുകാര്യങ്ങളെന്നാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
കെഎസ്ആർടിസി തുടങ്ങിയി സിറ്റി സർക്കുലർ സർവീസിന്റെ ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് കൈമാറുന്നത്. പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെയും ഇന്നുമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. സിറ്റിയിലെ ഹ്രസ്വദൂര സർവീസുകൾ സ്വിഫ്റ്റിന് കൈമാറുന്നത് അനുവദിക്കാനാകില്ലെന്നാണ് സമരക്കാരുടെ നിലപാട്.























