റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 5.40 ലാണ് റിപ്പോ.ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേര്‍ന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു.
പോളിസി നിരക്ക് വര്‍ധിപ്പിക്കാന്‍ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ആര്‍ബിഐ എംപിസി മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും (എംഎസ്എഫ്) ബാങ്ക് നിരക്കുകളും 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായി പരിഷ്‌കരിച്ചതായി ഗവര്‍ണര്‍ ദാസ് അറിയിച്ചു.രാജ്യത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പം 6.7 ശതമാനവും 202324 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5 ശതമാനവും ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത്തെ നിരക്ക് വര്ധനയാണിത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ മെയ് മാസത്തില്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂണില്‍ ആര്‍ബിഐ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് റിപോ 4.90 ശതമാനമാക്കി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐക്ക് നിരക്കുയര്‍ത്തണം.
രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനവുമായി താരതമ്യം ചെയ്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പോഴും ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിന് മുകളില്‍ തന്നെയാണ് പണപ്പെരുപ്പം ഉള്ളത്. ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്രതീക്ഷിത പണ നയ യോഗം ചേര്‍ന്ന് ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്.