പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇതോടെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോ ഉത്പാദനം 340 മെഗാവാട്ടിൽ നിന്ന് 225 മെഗാവാട്ടായി കുറഞ്ഞു. തകരാർ പരിഹരിക്കാൻ മാസങ്ങൾ നീളുമെന്നാണ് സൂചന.
നിലവിൽ പദ്ധതിയിലെ രണ്ടു ജനറേറ്ററുകളാണ് തകരാറിൽ ആയിരിക്കുന്നത്. ജനറേറ്ററുകൾ തകരാറിലായത് കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാക്കുക. നിലവിലെ സാഹചര്യത്തിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതോടെ ഡാം തുറക്കേണ്ട സാഹചര്യവും ഉണ്ടായേക്കും. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്. മാസങ്ങൾക്ക് മുന്പ് നാലാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു. ഇത് മൂലം അൻപത്തിയഞ്ച് മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിലവിൽ കുറവാണ്.